കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ ടെലിവിഷൻ പരസ്യങ്ങൾക്ക് മാത്രമായി ടൂറിസം വകുപ്പ് അനുവദിച്ചത് മൂന്ന് കോടിയോളം രൂപ. പരസ്യ ചിത്രത്തിന്റെ നിർമ്മാണത്തിന് 63 ലക്ഷവും പ്രദർശിപ്പിക്കുന്നതിന് 2.26 കോടി രൂപയുമാണ് അനുവദിച്ചത്.

ഇംഗ്ലീഷ് ചാനലുകളായ ഡിസ്കവറി, ഹിസ്റ്ററി ടി.വി18, ലിവിംഗ് ഫുഡ്സ്, സ്റ്റാർ മൂവീസ്, സോണി പിക്സ്, സോണി മാക്സ്, സീ സിനിമ, എൻ.ഡി.ടി.വി 24×7, സി.എൻ.എൻ ന്യൂസ് 18 എന്നീ ചാനലുകളാണ് പരസ്യം സംപ്രേഷണം ചെയ്യുന്നത്.

ഡിസ്കവറിക്ക് 4590 സെക്കന്റ് പരസ്യം പ്രദർശിപ്പിക്കാൻ 25 ലക്ഷം രൂപയാണ് അനുവദിച്ചത്. ഹിസ്റ്ററി ചാനലിന് 13 ലക്ഷം രൂപയും ലിവിംഗ് ഫുഡ്സിന് 16.16 ലക്ഷം രൂപയും അനുവദിച്ചത് 6000 സെക്കന്റ് നേരത്തെ പരസ്യ പ്രദർശനത്തിനാണ്. സ്റ്റാർ മൂവീസിന് 4000 സെക്കന്റ് നേരത്തേയ്ക്ക് 35 ലക്ഷം സോണി പിക്സിന് 5400 സെക്കന്റ് സമയം 26.8 ലക്ഷം സോണി മാക്സിന് 3000 സെക്കന്റ് സമയത്തേയ്ക്ക് 31 ലക്ഷം, സീ സിനിമയ്ക്ക് 3000 സെക്കന്റ് നേരത്തേയ്ക്ക് 30 ലക്ഷം, എൻ.ഡി.ടി.വി, സി.എൻ.എൻ ന്യൂസ് എന്നിവർക്ക് 4000 സെക്കന്റ് നേരം വീതം പ്രദർശിപ്പിക്കാൻ 25 ലക്ഷം വീതമാണ് അനുവദിച്ചത്.
biennale
പത്തു മുതൽ മുപ്പത് സെക്കന്റ് വരെ ദൈർഘ്യമുള്ള പരസ്യങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പരസ്യചിത്രത്തിന്റെ നിർമ്മാണ ചെലവായി ബിനാലെ അധികൃതർ സർക്കാരിന് സമർപ്പിച്ച രേഖ 63 ലക്ഷം രൂപയുടേതാണ്. സംവിധായകന്റെ ഫീസ് 8 ലക്ഷം, കാമറ വാടകയും ലൈവ് സൗണ്ട് റെക്കോർഡിംഗിനും 6 ലക്ഷം, അഭിനേതാക്കൾക്ക് 4 ലക്ഷം, ലൊക്കേഷൻ ചിലവ് 24 ലക്ഷം, ഭക്ഷണം 2 ലക്ഷം, താമസം-യാത്ര ഇനത്തിൽ 2 ലക്ഷം, തിരക്കഥയ്ക്കും മറ്റുമായി നാല് ലക്ഷം, ഒൻപത് ചാനലുകൾക്കുമായി വീഡിയോ ദൃശ്യം പകർപ്പെടുക്കുന്നതിന് 3 ലക്ഷം എന്നിങ്ങനെയാണ് നിർമ്മാണ ചിലവ് കാണിച്ചിരിക്കുന്നത്.

ഡിസംബർ 21 ന് ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഈ ചിലവുകൾക്കുള്ള തുക മൊത്തമായും അനുവദിച്ചത്. 2016-17 വർഷത്തെ ബജറ്റി വിഹിതത്തിൽ നിന്നും ടൂറിസം ഡിപ്പാർട്മെന്റ് തുക അനുവദിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രചാരണ ചിലവുകളിൽ പെടുന്നവയാണ് ഇത്.
biennale

കേരളത്തിന് ലോക സാംസ്കാരിക ഭൂപടത്തിൽ ഇടം നേടിക്കൊടുത്തുവെന്നും അതുവഴി വിനോദസഞ്ചാര മേഖലയുടെ വികാസത്തിനും ബിനാലെ കാരണമായെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. അണ്ടർ സെക്രട്ടറി കെ സുനിൽകുമാർ ഒപ്പിട്ട ഉത്തരവ് ജനുവരി പത്തിനാണ് പുറത്തിറക്കിയത്. ഫോർട്ട്കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പാണ് ഇപ്പോഴത്തേത്. സംസ്ഥാന സർക്കാരിന്റെ സാന്പത്തിക പിന്തുണയുണ്ടെങ്കിലും മുൻകാലങ്ങളിൽ ഫണ്ട് അനാവശ്യമായി ചിലവഴിച്ചിരുന്നുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ