സ്വര്‍ഗവും നരകവുമെല്ലാം ഭൂമിയില്‍ തന്നെയാണെന്ന് നമ്മള് പറയാറുണ്ട്. എന്നാല്‍ ഭൂമിയിലൊരു സ്വര്‍ഗമുണ്ടാക്കി ഇത് തെളിയിച്ചിരിക്കുകയാണ് എല്‍ദോ പച്ചിലക്കാടന്‍. ‘പ്രകൃതിയോടിണങ്ങി ജീവിക്കുക’ എന്നത് കേവലമൊരു മുദ്രാവാക്യം മാത്രമായി മാറുന്ന കാലത്താണ് ഏഴുവര്‍ഷം മുമ്പ് എല്‍ദോ എന്ന ആര്‍ക്കിടെക്ട് ജോലിയുപേക്ഷിച്ച് ഇങ്ങനെയൊന്ന് ജീവിച്ചു നോക്കിയാലോ എന്ന് കരുതുന്നത്. എല്‍ദോയുടെ സ്വര്ഗമേടിനെ ഒറ്റവാക്യത്തില്‍ ഒരു ‘പഴക്കാട്’ എന്നു വിളിക്കാം. സ്വര്ഗമേടിനെക്കുറിച്ച് എല്‍ദോ പറയുന്നു.
‘യാതൊരു ഓര്ഡറുമില്ലാതെ പല ചെടികളുടേയും പഴങ്ങളുടേയും വിത്ത് വിതച്ച് പ്രത്യേകിച്ച് വളമൊന്നുമില്ലാതെയാണ് നാൽപ്പത് ഏക്കറില്‍ ഈ കാട് ഉണ്ടാക്കിയെടുത്തത്. 20 ഏക്കറായിരുന്നു ഞാനാദ്യം വാങ്ങിയത്. പിന്നീട് എന്റെ സുഹൃത്ത് ആര്‍ട്ടിസ്റ്റ് വിവേക് വിലാസിനി 20 ഏക്കര്‍ വാങ്ങിച്ചു. ഇപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചാണ് ഇതു നടത്തുന്നത്. ദിവസം കഴിക്കുന്ന പഴങ്ങളുടെ വിത്തുകളെല്ലാം ഞങ്ങളിവിടെ നടും. എന്നിട്ട് ഓരോ ചെടികളേയും വളരാന്‍ അനുവദിക്കും,’ എല്‍ദോ പറയുന്നു.

സുഹൃത്ത് ഷായ്ക്കൊപ്പം എൽദോ
ഇടുക്കിയിലെ രാജകുമാരിയിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തിനുളളിലാണ് ഈ സ്വർഗം പച്ചപിടിച്ചു നിൽക്കുന്നത്. വര്‍ഷങ്ങളായി ഇവിടെയാണ് എല്‍ദോയുടെ താമസം. അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ കുടുംബവും ഇങ്ങോട്ടേക്ക് താമസം മാറ്റുമെന്നാണ് എല്‍ദോ പറയുന്നത്.
‘ഭാര്യ ബിന്‍സിയും മക്കള്‍ ശിവും റോസയുമടങ്ങുന്നതാണ് എന്റെ കുടുംബം. ജോലി വേണ്ടെന്ന് വച്ച് ഇങ്ങനൊരു സ്വപ്നത്തിന്റെ പുറകേ പോകുമ്പോള്‍ ബിന്‍സി എല്ലാ പിന്തുണയും നല്‍കിയിരുന്നു. അടുത്ത വര്‍ഷത്തോടെ അവരും ഇങ്ങോട്ട് താമസം മാറും. മോൾ ജനിച്ചിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷമായി. ഇതുവരെ വേവിച്ച ഒരു തരത്തിലുള്ള ആഹാരവും അവള്‍ക്ക് കൊടുത്തിട്ടില്ല. പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് ജീവിക്കാന്‍ മനുഷ്യന് കഴിയും. രണ്ട് തലമുറമുന്‍പ് വരെയൊക്കെ നമ്മള് ജീവിച്ചിരുന്നതും അങ്ങനെ തന്നെയാണ്. ഇപ്പോള്‍ ആളുകള്‍ക്ക് കണ്‍ഫ്യൂഷനാണ് ഇതൊക്കെ നടക്കുമോ എന്ന്,’ എല്‍ദോ പറയുന്നു.

എൽദോ, ബിൻസി, റോസ, ശിവ്
‘കെട്ടിടങ്ങളൊന്നും പണിതിട്ടില്ല ഇവിടെ. ടെന്റുകളിലാണ് വരുന്ന ആളുകള്‍ താമസിക്കുന്നത്. ഏത് തരത്തിലുളള ആര്‍ക്കിടെക്ചര്‍ ഉപയോഗിക്കാം എന്ന് പഠിച്ചുവരികയാണ് ഞാന്‍. മണ്ണുപയോഗിച്ച് ചെറിയ ഹട്ടുകള്‍ ഉണ്ടാക്കാം എന്നാണ് കരുതുന്നത്. നൂറ് ശതമാനം പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ പറ്റുമോ എന്ന് പരീക്ഷിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. പരിണാമം അടിസ്ഥാനപ്പെടുത്തിയാണ് എന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഞാന്‍ ചെയ്യുന്നത്. ജീവന്റെ കാരണം, അതിന്റെ ആരോഗ്യകരമായ നിലനില്‍പ്പ് ഇതെല്ലാം പരിണാമത്തെ ആശ്രയിച്ച് തന്നെയാണ്. എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അപ്പോള്‍ ഒന്ന് ശ്രമിച്ചുകളയാം എന്ന് തീരുമാനിച്ചു. ഞാനിത് തുടങ്ങി മൂന്നു വര്‍ഷത്തിനു ശേഷമാണ് ബിന്‍സിയും വേവിച്ച ആഹാരപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുന്നത്. ആളുകള്‍ക്ക് അറിയാഞ്ഞിട്ടല്ല ഇങ്ങനെ ജീവിക്കാന്‍ പറ്റുമെന്ന്, ചിലപ്പോള്‍ സാഹചര്യങ്ങള്‍ സമ്മതിക്കാത്തതാകും,’ എല്‍ദോ തന്റെ ചിന്തകള്‍ പങ്കുവയ്ക്കുന്നു.
കൈതച്ചക്ക, പേരക്ക, പ്ലാവ്, വാഴ തുടങ്ങി നിരവധി പഴവര്‍ഗങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. ഇതെല്ലാം കായ്ച്ചു തുടങ്ങിയാല്‍ ഈ ഭാഗത്തുള്ള ഒരുപാട് പേര്‍ക്ക് ജീവിക്കാനുള്ള ആഹാരം ഇവിടെനിന്നു തന്നെ ലഭിക്കും എന്നാണ് എല്‍ദോ പറയുന്നത്.
‘ഒരു തരത്തിലുള്ള സപ്പോര്‍ട്ടും ഞാനീ ചെടികള്‍ക്ക് നല്‍കുന്നില്ല. അതിനെ തനിയെ വളരാന്‍ വിട്ടിരിക്കുകയാണ്. പ്ലാവൊക്കെ ഈ സ്ഥലം വാങ്ങുമ്പോളേ ഉണ്ടായിരുന്നു. പല തരം പേരക്ക ഉണ്ട്. ഇരുന്നൂറോളം വാഴയുണ്ട്. കുലച്ചു തുടങ്ങുന്നേയുള്ളൂ. ഇതിനൊന്നും ഒരു തരത്തിലുള്ള വളവും കൊടുക്കുന്നില്ല. ഈ ചെടികളുടെ ഇലയും പുല്ലുമൊക്കെ ഉപയോഗിച്ച് നിലനില്‍ക്കുന്ന ചെടികള്‍ നിലനില്ക്കും അല്ലാത്തത് നശിച്ചു പോകും.’
പ്രകൃതിയില്‍ നിന്നും ലഭിക്കുന്നതല്ലാതെ ഒരു തരത്തിലുള്ള ഭക്ഷണവും എല്‍ദോ ഉപയോഗിക്കുന്നില്ല. പഴവര്‍ഗങ്ങള്‍ മാത്രമല്ല, ഇലകളോ കായ്കളോ പച്ചക്കറികളോ എന്തുമാകാം ആഹാരം. കണ്ണും മൂക്കും നാക്കുമുപയോഗിച്ച് കണ്ടിഷ്ടപ്പെട്ട് മണവും രുചിയും ശരിയാണെന്ന് തോന്നിയാല്‍ ഉപയോഗിക്കുക എന്നതാണ് എല്‍ദോയുടെ പോളിസി. ഇതില്‍ യാതൊരു റിസ്കുമില്ല, അതിനെയെല്ലാം അതിജീവിച്ചവരാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതെന്ന് എല്‍ദോ പറയുന്നു. ‘നമ്മള് ഇഷ്ടപ്പെടുന്ന മണത്തിലും രുചിയിലും നമുക്ക് ദോഷകരമായ ഒന്നും പ്രകൃതിയിലില്ല,’ എല്‍ദോ പറയുന്നു.
പ്രകൃതിയെ അറിയാന്‍ ആഗ്രഹമുള്ള ആളുകളെയാണ് എല്‍ദോ ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നത്.
‘പ്ലാസ്റ്റിക്കോ, ഭക്ഷണ പദാര്‍ത്ഥങ്ങളോ ആയി ആരും വരരുതെന്ന് നേരത്തേ പറയാറുണ്ട്. ഇവിടുത്തെ അന്തരീക്ഷത്തോട് ഇണങ്ങി പ്രകൃതിയെ അറിഞ്ഞ് ജീവിക്കാന്‍ കഴിയുന്നവരേ മാത്രമേ പ്രോത്സാഹിപ്പിക്കാറുള്ളൂ. ഇവിടെ വളരുന്ന പഴങ്ങളോ അല്ലെങ്കില്‍ വാങ്ങിച്ചു നല്കുന്ന പഴങ്ങളോ ആണ് അവരുടെ ഭക്ഷണം. പിന്നെ കാഴ്ചകള്‍ കാണാന്‍ ഒരുപാടുണ്ട്. വിവിധയിനം പൂമ്പാറ്റകള്‍, പക്ഷികള്‍ ഒക്കെയുണ്ട്. ടെന്റില്‍ താമസിക്കാം. കുളത്തില്‍ കുളിക്കാം. സത്യത്തിൽ ഞാനീ സ്ഥലം വാങ്ങുമ്പോൾ ഇവിടെ വെള്ളത്തിന് പ്രശ്നമുണ്ടായിരുന്നു. അങ്ങനെയാണ് ആളുകൾ ഇവിടം വിട്ടു പോയത്. ഞാനിവിടെ തട്ടുകളായി തിരിച്ച് വെള്ളം ലഭിക്കാനുള്ള സ്രോതസ് കണ്ടെത്ത്. ഒരു കുളം ഉണ്ടാക്കി. വെള്ളത്തിനായുള്ള പ്രധാന ആശ്രയം ഈ കുളം തന്നെയാണ്. നെഞ്ചളവിലുള്ള വെള്ളമേയുള്ളൂ, വലിയ ആഴമില്ല. അതുകൂടാതെ വേറെയും 12 കുളങ്ങളുണ്ട്. ഇതൊക്കെയാണ് ഇവിടുത്തെ ഒരു രീതി. അത് ഫലപ്രദമാക്കി ഇവിടെ കഴിയാന്‍ തയ്യാറാണെങ്കിലേ ഇവിടെ വരുന്നതുകൊണ്ട് കാര്യമുള്ളൂ. അല്ലെങ്കിൽ ഞങ്ങൾക്കോ നിങ്ങൾക്കോ കാര്യമില്ല. ഇതൊരു അനുഭവമാണ്.’
പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല എല്‍ദോ സ്വര്ഗമേട്ടിലേയ്ക്ക് ആളുകളെ ക്ഷണിക്കുന്നത്.
‘ഒന്നോ രണ്ടോ ദിവസമൊക്കെ നില്ക്കുന്നവരുടെ കൈയ്യില്‍ നിന്ന് ചിലപ്പോള്‍ 1000 രൂപയൊക്കെ വാങ്ങിക്കും. ഇപ്പോള്‍ മൂന്നുമാസമായി ജോഷ്വ എന്നൊരാള്‍ കൂടെയുണ്ട്. പുളളി ഇതൊക്കെ നന്നായി എന്ജോയ് ചെയ്യുന്നുണ്ട് എന്നാണ് തോന്നുന്നത്. അഞ്ചുദിവസത്തില്‍ കൂടുതല്‍ ഇവിടെ നില്ക്കുന്നവരില് നിന്നും പണമൊന്നും വാങ്ങാറില്ല. എനിക്ക് പണത്തിന്റെ ആവശ്യം വളരെ കുറവാണ്. മുമ്പ് മാസത്തില്‍ ഒരു പനിയൊക്കെ വന്നിരുന്നു. ഇന്‍സുലിന്‍ ട്രീറ്റ്മെന്റ് ഒക്കെ എടുത്തിരുന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍ അതൊന്നും ഇല്ല. ജീവിതം വളരെ ആരോഗ്യകരമാണ്,’ സന്തോഷത്തോടെ എല്‍ദോയുടെ വാക്കുകള്‍.
Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ