തിരുവനന്തപുരം: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്ഫോമുകളിലൊന്നായ ബുക്കിങ് ഡോട് കോമിന്റെ റിപ്പോർട്ടിൽ ഇന്ത്യയിൽ വിനോദസഞ്ചാര രംഗത്ത് കേരളം മുന്നിൽ. രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ അഞ്ചിടവും കേരളത്തിലായതാണ് സംസ്ഥാനത്തിന് നേട്ടമായത്.
കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ വിനോദസഞ്ചാരികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. വർക്കല, കൊച്ചി, തേക്കടി, ആലപ്പുഴ, മൂന്നാർ എന്നീ സ്ഥലങ്ങളാണ് കേരളത്തിൽ നിന്ന് വിനോദസഞ്ചാരികൾ തിരഞ്ഞെടുത്തത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവരോട് തദ്ദേശീയരുടെയും, താമസസ്ഥലങ്ങളിലുളളവരുടെയും പെരുമാറ്റവും സൗഹൃദവും മികച്ച അഭിപ്രായം ലഭിക്കുന്നതിന് പ്രധാന കാരണമായെന്നാണ് ബുക്കിങ് ഡോട് കോം കൺട്രി മാനേജർ റിതു പറഞ്ഞത്. ഏഴാമത്തെ വാർഷിക എഡിഷൻ അവാർഡിൽ ഇന്ത്യയിൽ നിന്ന് 6125 ഹോട്ടലുടമകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.