കൊച്ചി: കേന്ദ്രസർക്കാരിന്റെ നയപരിപാടികൾക്ക് രൂപം നൽകുന്ന നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം ഹിമാചൽപ്രദേശിനൊപ്പം ഒന്നാമതെത്തി. സൂചികയിൽ 69 സ‌്കോറാണ് കേരളവും ഹിമാചലും അടയാളപ്പെടുത്തിയത്.  മൂന്ന് പോയിന്റ് താഴെ കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്‌നാടുണ്ട്.

ഐക്യരാഷ്ട്രസഭയും നീതി ആയോഗും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയത്.  ആരോഗ്യം-ജന ക്ഷേമം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ രംഗങ്ങളിൽ കേരളമാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.  ആരോഗ്യം-ജന ക്ഷേമം രംഗത്ത്  92 പോയിന്റാണ് കേരളം സ്വന്തമാക്കിയത്.

വിദ്യാഭ്യാസ രംഗത്ത് 87ഉം ലിംഗസമത്വത്തില്‍ 50 പോയന്റും സംസ്ഥാനം നേടി. വ്യവസായം, നൂതനാശയം, അടിസ്ഥാനസൗകര്യ വികസനം എന്നീ രംഗങ്ങളിൽ ല്‍ 68പോയന്റുമായി കേരളം രണ്ടാം സ്ഥാനത്തെത്തി.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, വിശപ്പു രഹിതം, ക്രമസമാധാനം, നീതി നിര്‍വ്വഹണം തുടങ്ങിയ മേഖലകളില്‍ കേരളം പട്ടികയിൽ മുന്നിൽ തന്നെയുണ്ട്. ഭൂരിഭാഗം രംഗങ്ങളിലും ദേശീയ ശരാശരിയേക്കാൾ മികച്ചതാണ് കേരളത്തിന്റെ പങ്ക്.

സൂചികയിൽ ഏറ്റവും താഴെയുളള സംസ്ഥാനം ഉത്തർപ്രദേശാണ‌് (42). ബീഹാർ (48), അസം (49) എന്നിവരും പിന്നിലാണ്.ഐക്യരാഷ്ട്രസഭയും ഗ്ലോബൽ ഗ്രീൻ ഗ്രോത്ത‌് ഇൻസ‌്റ്റിറ്റ്യുട്ടുമാണ് പിന്തുണയിൽ നിതി ആയോഗ‌് തയാറാക്കിയ ആദ്യ സുസ്ഥിര വികസന ലക്ഷ്യ സൂചികയാണിത്.

ആകെയുളള 17ൽ 13 ഇന ലക്ഷ്യങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് സംസ്ഥാനങ്ങളുടെ റാങ്ക് നിശ്ചയിച്ചത്.  സംസ്ഥാനങ്ങൾക്ക് പുറമെ കേന്ദ്രഭരണപ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കിയതിൽ ചണ്ഡിഗഢാണ‌് (68) ഒന്നാം സ്ഥാനം നേടിയത്.  ഡൽഹിയിൽ നിതി ആയോഗ‌് വൈസ‌് ചെയർമാൻ രാജീവ‌് കുമാർ, സിഇഒ അമിതാഭ‌് കാന്ത‌്, യു എൻ റസിഡന്റ‌് കോർഡിനേറ്റർ യൂറി അഫ‌്നാസീവ‌് തുടങ്ങിയവർ ചേർന്ന‌ാണ‌്  റിപ്പോർട്ട‌് പ്രകാശനം ചെയ‌്തത‌്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ