ബെംഗലുരു: പബ്ലിക് അഫയേർസ് സെന്റർ പുറത്തുവിട്ട പബ്ലിക് അഫയേർസ് ഇന്റക്സ് 2018 പട്ടികയിൽ മികച്ച ഭരണ നേട്ടങ്ങളുമായി കേരളം രാജ്യത്ത് ഒന്നാമതെത്തി. 2016 ലും 2017 ലും പട്ടികയിൽ ഒന്നാമതായിരുന്നു കേരളം. തുടർച്ചയായി മൂന്നാം വർഷവും ഈ നേട്ടം കേരളത്തിന് തന്നെ ലഭിച്ചു.

പട്ടികയിൽ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. തെലങ്കാന മൂന്നും കർണ്ണാടകം നാലും ഗുജറാത്ത് അഞ്ചും റാങ്ക് നേടി. പട്ടികയിൽ മദ്ധ്യപ്രദേശ്, ഝാർഖണ്ഡ്, ബീഹാർ സംസ്ഥാനങ്ങളാണ് ഏറ്റവും പുറകിൽ. സാമൂഹികവും സാമ്പത്തികവുമായ വളർച്ചയെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേർസ് സെന്റർ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യുന്നത്.

രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ സാമുവൽ പോൾ 1994 ൽ സ്ഥാപിച്ചതാണ് പബ്ലിക് അഫയേർസ് സെന്റർ. ഈ പഠനത്തിലൂടെ സംസ്ഥാനങ്ങളുടെ പ്രവർത്തനം വിലയിരുത്തി മികച്ച ഭരണത്തിലേക്ക് സംസ്ഥാനങ്ങളെ നയിക്കാനുളള ശ്രമങ്ങളാണ് നടത്തുന്നത്.

സർക്കാർ രേഖകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇതിനായി 30 പ്രധാന വിഷയങ്ങളും 100 ഓളം സൂചകങ്ങളും തിരഞ്ഞെടുത്തിരുന്നു. നിക്ഷിപ്‌ത താത്പര്യങ്ങൾ ഉണ്ടായിരിക്കാനുളള സാധ്യത കണക്കിലെടുത്താണ് സ്വകാര്യ രേഖകളെ ഒഴിവാക്കിയതെന്ന് പിഎസി പറഞ്ഞു. എല്ലാ കുട്ടികൾക്കും മികച്ച ജീവിതസൗകര്യം ഏർപ്പെടുത്തുന്നതിൽ കേരളവും ഹിമാചൽ പ്രദേശും മിസോറാമും മുന്നിലെത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ