തിരുവനന്തപുരം: നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് (എൻസിഇആർടി) ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കും. ഗാന്ധിവധം, മുഗൾ ചരിത്രം, ഗുജറാത്ത് കലാപം തുടങ്ങി എൻ സി ഇ ആർ ടി ഒഴിവാക്കിയ പാഠഭാഗങ്ങളാണ് പഠിപ്പിക്കുക.
എൻ സി ഇ ആർ ടിയുടെ പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനം ഉയർന്നിരുന്നു. മറ്റു പല സംസ്ഥാനങ്ങളും ഇതിന് ബദലായി സമാന്തര പാഠപുസ്തകങ്ങൾ പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ കേരളത്തിലും പാഠപുസ്തകം പുറത്തിറക്കാൻ കരിക്കുലം കമ്മിറ്റി ശുപാർശ നൽകിയതായിയാണ് വിവരം.
ഗാന്ധി വധം, ആർഎസ്എസ് നിരോധനം, മുഗൾ ചരിത്രം, തുടങ്ങിയ പല ചരിത്രഭാഗങ്ങളും പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും അടക്കമുള്ളവർ പരസ്യപ്രതികരണം നടത്തിയിരുന്നു.
2002ലെ ഗുജറാത്ത് കലാപം, മുഗൾ കാലഘട്ടം, ജാതി വ്യവസ്ഥകൾ എന്നിവയൊടൊപ്പം പ്രതിഷേധങ്ങളെയും സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അധ്യായങ്ങളും എൻസിഇആർടി നീക്കം ചെയ്തതിൽ ഉൾപ്പെടുന്നു.
പാഠപുസ്തകത്തിൽ വരുത്തിയ എല്ലാ തിരുത്തലുകളുടെയും മാറ്റങ്ങളുടെയും സമഗ്രമായ പട്ടിക എൻസിഇആർടി കഴിഞ്ഞ വർഷം തന്നെ പുറത്തിറക്കിയിരുന്നു, എന്നാൽ, അധ്യായന വർഷം ആരംഭിച്ചതിനാൽ അന്നത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. ചരിത്രഭാഗങ്ങൾ നീക്കം ചെയ്ത് പുനഃ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ 2023-24 അക്കാദമിക്ക് വർഷമായപ്പോഴാണ് വിപണിയിലെത്തിയത്.