‘നോക്കി നിന്നാല്‍’ ഇന്ന് മുതല്‍ കൂലിയില്ല; സംസ്ഥാനത്തു നോക്കുകൂലി നിരോധിച്ചു

ചുമട്ടു തൊഴിലാളി നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോത്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവയ്ക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ ജോലിക്ക് നിയോഗിക്കാം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തിലെ ചുമട്ടു തൊഴില്‍ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം പ്രാവര്‍ത്തികമാക്കാനും നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. നോക്കുകൂലി നിർത്തലാക്കാനുളള ഉത്തരവ് തൊഴിലാളി ദിനമായ മെയ് ഒന്ന് മുതൽ​ പ്രാബല്യത്തിൽ​ വന്നു.

നോക്കുകൂലി പരാതികൾ അവസാനിക്കാത്ത സാഹചര്യത്തിലാണ് ഈ​ നടപടി. അടുത്തിടെ സിനിമാ നടൻ സുധീർ കരമനയുടെ വീട്ടിലേയ്ക്കുളള സാധനങ്ങൾ ഇറക്കാൻ നോക്കുകൂലി ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

നോക്കുകൂലി നിർത്തലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.​ മെയ് ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ​വരുമെന്ന് അദ്ദേഹം മാർച്ചിൽ വ്യക്തമാക്കി. പുതിയ ചുമിട്ടിറക്ക് തൊഴിൽ നിയമത്തിലെ പ്രധാന വസ്തുതകൾ ഇവയാണ്:

ചുമട്ടു തൊഴിലാളി നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോത്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവയ്ക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ ജോലിക്ക് നിയോഗിക്കാം. അംഗീകൃത ചുമട്ടുതൊഴിലാളികളെ നിയോഗിക്കുകയാണെങ്കില്‍ നിശ്ചയിക്കപ്പെട്ട കൂലി നല്‍കണം.

ചെയ്യാത്ത ജോലിക്ക് തൊഴിലാളികള്‍ കൂലി ആവശ്യപ്പെടാനും കൈപ്പറ്റാനും പാടില്ല. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കുകയും ചട്ടപ്രകാരം നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലൂളള ഏകീകൃത കൂലി പട്ടിക അടിസ്ഥാനപ്പെടുത്തി കയറ്റിറക്ക് കൂലി നല്‍കണം. പട്ടികയില്‍ ഉള്‍പ്പെടാത്ത ഇനങ്ങള്‍ക്ക് ഉഭയകക്ഷി കരാര്‍ പ്രകാരം കൂലി നല്‍കേണ്ടതാണെന്നും ഈ ഉത്തരവിൽ പറയുന്നു.

ജോലിസമയത്ത് തൊഴിലാളികള്‍ തൊഴില്‍വകുപ്പ്/ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വയ്ക്കണം.

കയറ്റിറക്കിന് വാങ്ങുന്ന കൂലിക്ക് കണ്‍വീനര്‍/പൂള്‍ ലീഡര്‍, ഒപ്പിട്ട ഇനം തിരിച്ചുള്ള രസീത് തൊഴിലുടമയ്ക്ക് നല്‍കണം.

നിശ്ചയിക്കപ്പെട്ട നിരക്കിനേക്കാള്‍ കൂടുതൽ കൂലി കൈപ്പറ്റിയത് ശ്രദ്ധയില്‍പ്പെട്ടാല്‍ ചുമട്ടുതൊഴിലാളി നിയമപ്രകാരം പണം തിരികെ വാങ്ങിക്കൊടുക്കാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍/ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണം. ക്ഷേമബോര്‍ഡിന് കീഴില്‍ പൂള്‍ ചെയ്ത പദ്ധതിയില്‍ അംഗങ്ങളായവരാണെങ്കില്‍ ക്ഷേമബോര്‍ഡ് മുഖേനയും അല്ലെങ്കില്‍ റവന്യൂ റിക്കവറിയിലൂടെയും പണം ഈടാക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

തൊഴില്‍ മേഖലയില്‍ ജോലി ചെയ്യാനുള്ള അവകാശമുന്നയിച്ചോ ഉയര്‍ന്ന കൂലി നിരക്കുകള്‍ ആവശ്യപ്പെട്ടോ തൊഴിലുടമയെയോ ഉടമയുടെ പ്രതിനിധികളെയോ ഭീക്ഷണിപ്പെടുത്തുകയോ കൈയ്യേറ്റം ചെയ്യുകയോ വസ്തുവകകള്‍ നശിപ്പിക്കുകയോ മറ്റു തരത്തിലുള്ള തടസം സൃഷ്ടിക്കുകയോ ചെയ്യാന്‍ പാടില്ല. നിയമപരമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സംഗതികളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ചുമട്ടുതൊഴിലാളി നിയമപ്രകാരം തീരുമാനമെടുത്ത് കക്ഷികളെ അറിയിക്കുകയും ആവശ്യമെങ്കില്‍ പൊലീസിനെ വിവരം അറിയിക്കുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു.

ട്രേഡ് യൂണിയനുകള്‍ തൊഴില്‍ മേഖലയിലെ അനഭിലഷണീയ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് മുന്‍കൈയെടുക്കണം. ചില മേഖലകളില്‍ യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണത കര്‍ശനമായി അവസാനിപ്പിക്കണം. ട്രേഡ് യൂണിയനുകള്‍ ഈ വിഷയം സംബന്ധിച്ച് തൊഴിലാളികള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ മുന്‍കൈയെടുക്കണം.

ജില്ലാതല കൂലി പട്ടികകള്‍ മാധ്യമങ്ങള്‍ മുഖേന ലേബര്‍ ഓഫീസര്‍മാര്‍ പ്രസിദ്ധപ്പെടുത്തണം. റസിഡന്റ്‌സ് അസോസിയേഷനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ മുഖേന കൂലി നിരക്കുകളും മാര്‍ഗനിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ വേണ്ട പ്രവര്‍ത്തനം നടത്തണമെന്നും ഉത്തരവിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala to stop gawking charge nokku koolifrom may

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express