തിരുവനന്തപുരം: ലാപ്ടോപ്പുകൾ സ്വന്തമായി നിർമിക്കുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങി കേരളം. ‘കൊക്കോണിക്സ് ‘ എന്ന സംരംഭത്തിലൂടെയാണ് ലാപ്ടോപ്പുകൾ സംസ്ഥാനത്ത് തന്നെ നിർമിക്കുന്നത്. പൊതുമേഖല സ്ഥാപനമായ കെൽട്രോൺ, ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലുമായി കൈകോർത്താണ് നൂതനമായ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കെഎസ്ഐഡിസി, ആക്സിലറോൺ എന്നിവർ കൂടി പങ്കാളികളായ പൊതു-സ്വകാര്യ സംരംഭമാണ് ഇത്.
സർക്കാർ ഓഫീസുകളിൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾ വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ലാപ്ടോപ്പുകളുടെ നിർമാണമാണ് ലക്ഷ്യം. കൊക്കോണിക്സ് മൂന്നു ലാപ്ടോപ് മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്. CC11B യിൽ 11 ഇഞ്ച് എഫ്എച്ച്ഡി ടച്ച്സ്ക്രീൻ ഡിസ്പ്ലെയാണുള്ളത്. ഇന്റൽ സെലിറോൺ N3350 പ്രൊസസർ, 4ജിബി റാം, 64 ജിബി ഇഎംഎംസി സ്റ്റോറേജ്, യുഎസ്ബി ടൈപ്പ് സി കണക്ടിവിറ്റി, 8 മണിക്കൂർ നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്അപ് എന്നിവയാണ് ലാപ്ടോപ്പിന്റെ മറ്റു പ്രത്യേകതകൾ. ദീർഘയാത്രകൾ നടത്തുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ലാപ്ടോപ്.
CC11A താരതമ്യേന ഭാരം കുറഞ്ഞതും സ്ലിമ്മുമായ ലാപ്ടോപ്പാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ഈ ലാപ്ടോപ്. 11 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഇന്റൽ സെലിറോൺ N4000 പ്രൊസസർ, 2 ജിബി റാം, 64 ജിബി ഇഎംഎംസി സ്റ്റോറേജ് എന്നിവയാണ് സവിശേഷതകൾ. C314A വ്യാപാര സ്ഥാപനങ്ങൾക്കു വേണ്ടിയുളളതാണ്. 14 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, ഇന്റൽ i3 7100U പ്രൊസസർ, 4ജിബി റാം, 500 ജിബി എച്ച്ഡിഡി സ്റ്റോറേജ് എന്നിവയാണ് സവിശേഷതകൾ. മൂന്നു ലാപ്ടോപ്പുകളിലും വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ്.
തിരുവനന്തപുരം മൺവിളയിലെ കെൽട്രോൺ കേന്ദ്രത്തിലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. പ്രതിവർഷം 2,50,000 ലാപ്ടോപ്പുകളുടെ ഉൽപാദനത്തിനുള്ള ശേഷി കൊക്കോണിക്സിനുണ്ട്. കൊക്കോണിക്സിന്റെ ആദ്യ നിര ലാപ്ടോപ്പുകൾ ഫെബ്രുവരി 11ന് ഡൽഹിയിൽ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിങ് സമ്മിറ്റിൽ അവതരിപ്പിക്കും.
മൺവിളയിൽ നിർമാണ പ്ലാന്റ് തയ്യാറായിട്ടുണ്ട്. ഈ മാസം തന്നെ ഔദ്യോഗിക ഉദ്ഘാടനം ഉണ്ടാവും. നിർമാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. 2019 ന്റെ പകുതിയോടെ ലാപ്ടോപ്പുകൾ വിതരണം ചെയ്യാൻ കഴിയുമെന്ന് കൊക്കോണിക്സ് പറഞ്ഞു. സ്ഥാപനങ്ങളിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും ലാപ്ടോപിന് ലഭിക്കുന്ന ഓർഡറിന്റെ അടിസ്ഥാനത്തിലായിരിക്കും വില തീരുമാനിക്കുക.