പേ വിഷത്തിനെതിരായ വാക്സിൻ സ്വന്തമായി നിർമ്മിക്കാൻ കേരളം ഒരുങ്ങുന്നു. 150 കോടി രൂപയാണ്  ഈ പദ്ധതിക്കായി ചെലവാകുക. ഈ വാക്സിൻ ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം.

മനുഷ്യർക്കും മൃഗങ്ങൾക്കും നൽകുന്ന വാക്സിൻ ഒരേ സമയം, വ്യത്യസ്ത ലാബുകളിലായി ഉൽപ്പാദിപ്പിക്കാനാണ് പദ്ധതി. മൃഗ സംരക്ഷണ വകുപ്പിന് കീഴിലുളള പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്റിനറി ബയോളജിക്കൽസ് ((IAH &VB) ലെ വ്യത്യസ്ത ലാബുകളിലായിരിക്കും വാക്സിൻ ഉൽപ്പാദനം നടക്കുക.

ഏറ്റവും നൂതനമായ സെൽ കൾച്ചർ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും വാക്സിൻ വികസിപ്പിച്ചെടുക്കയെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എൻ. എൻ ശശി വ്യക്തമാക്കിയതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.

വാക്സിൻ ഉൽപ്പാദനം ആരംഭിച്ചാൽ അത് വെറ്റിറനറി ആശുപത്രികൾ വഴിയും പൊതുജനാരോഗ്യ കേന്ദ്രങ്ങൾ വഴിയും സംസ്ഥാനത്ത് വിതരണം ചെയ്യാനാകും. നിലവിൽ ഹൈദരാബാദിലെ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് ഉൽപ്പാദിപ്പിക്കുന്ന വാക്സിനാണ് കേരളം വാങ്ങുന്നത്.

നിലവിൽ ഈ ഇൻസ്റ്റിറ്റ്യൂട്ട് കാലികൾക്കും വളർത്തുപക്ഷികൾക്കും വേണ്ടിയുളള വൈറൽ ആൻഡ് ബാക്ടീരിയൽ വാക്സിനുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. പേ വിഷത്തിനെതിരായ വാക്സിൻ നിർമ്മിക്കാനുളള പദ്ധതി റിപ്പോർട്ട് പൂർണ്ണമായി കഴിഞ്ഞു. ലാബുകൾക്കായുളള വൈദ്യുതി, വെള്ളം തുടങ്ങിയ സംവിധാനങ്ങൾക്കായ അനുമതി തേടിയുളള അപേക്ഷ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കാര്യങ്ങൾ സുഗമമായി മുന്നോട്ടുപോയാൽ രണ്ട് മൂന്ന് വർഷത്തിനുളളിൽ വാക്സിൻ ഉൽപ്പാദനം ആരംഭിക്കാനാകുമെന്ന് ഡയറക്ടർ പറഞ്ഞു.

150 കോടി രൂപയാണ് പദ്ധതിക്ക് മൊത്തമായി ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ ഉപയോഗത്തിന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങൾക്കുമെല്ലാം ചെറിയ തുകയക്ക് നൽകാൻ കഴിയുന്ന വാക്സിനായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

മനുഷ്യർക്കുളളതും മൃഗങ്ങൾക്കുളളതുമായി പത്ത് ദശലക്ഷം ഡോസ് വാക്സിൻ ആണ് ആദ്യഘട്ടമായി നിർമ്മിക്കാൻ ആലോചിക്കുന്നത്. ഭാവിയിൽ അത് വർധിപ്പിക്കാൻ സാധിക്കും. സംസ്ഥാനത്തെ ആവശ്യം മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും കേരളം വാക്സിൻ നിർമ്മിക്കുക.

സുപ്രീം കോടതിയിൽ സമർപ്പിച്ച ഒരു റിപ്പോർട്ട് പ്രകാരം 2015-16 ൽ മാത്രം ഒരു ലക്ഷം പേർക്ക് കേരളത്തിൽ പട്ടി കടിയേറ്റുവെന്നാണ് വ്യക്തമാക്കുന്നത്. കേരളത്തിലെ തെരുവ് നായക്കളുടെ എണ്ണം രണ്ടര ലക്ഷമെന്നാണ് കണക്കാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ