തിരുവനന്തപുരം: കോവിഡ് പരിശോധന വർധിപ്പിക്കാനുള്ള നടപടിയുമായി കേരളം. പൊതുമേഖലാ സ്ഥാപനമായ എച്ച്‌എൽഎൽ ലൈഫ്കെ‌യറിൽ നിന്ന് ഒരുലക്ഷം ആന്റിബോഡി പരിശോധന കിറ്റുകൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കേരളം. യുഎസ് കമ്പനിയിൽ നിന്നും ഒരു ലക്ഷം കിറ്റുകളും ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എച്ച്എൽഎൽ നൽകിയ നൂറ് സാംപിൾ കിറ്റുകളുടെ ഗുണനിലവാര പരിശോധന പബ്ലിക് ഹെൽത് ലാബിൽ നടക്കുകയാണ്. ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയ ശേഷമായിരിക്കും കോവിഡ് പരിശോധന വർധിപ്പിക്കുക. ഗുണനിലവാരം ഉറപ്പിച്ച ശേഷം ഒരു ലക്ഷം കിറ്റുകൾ വാങ്ങാനാണ് തീരുമാനം. ഓർഡൽ നൽകിയാൽ ഏഴ് ദിവസത്തിനകം കിറ്റുകൾ ലഭ്യമാകും. യുഎസിൽ നിന്നുള്ള കിറ്റുകളും ഒരാഴ്‌ചക്കുള്ളിൽ എത്തിയേക്കും.

Read Also: Horoscope Today April 28, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കിറ്റ് നിർമാണ കമ്പനികളിൽ നിന്ന് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ക്ഷണിച്ച ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ തുക ടെൻഡർ നൽകിയത് ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് ലൈഫ് കെയർ ആയിരുന്നു.

സംസ്ഥാനത്ത് കോവിഡ് പരിശോധന തോത് കുറഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് പരിശോധന വർധിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുവന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ മാത്രം 13 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിൽ തന്നെയാണ് ഇന്നലെ രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയത്. കോട്ടയത്ത് ആറ് പേർക്കും ഇടുക്കിയിൽ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Read Also: വാട്സാപ്പിൽ നിങ്ങളെ ബ്ലോക്ക് ചെയ്തവരെ കണ്ടെത്താം

സംസ്ഥാനത്ത് ഇതുവരെ 481 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 131 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 20301 പേരാണ് നിരീക്ഷണത്തിലുള്ളത്. 19812 പേർ വീടുകളിലാണ്. 489 പേർ ആശുപത്രികളിലാണ്. സംസ്ഥാനത്ത് ഇതുവരെ 23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 22537 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ആരോഗ്യപ്രവർത്തകർ, അഥിതി തൊഴിലാളികൾ എന്നിങ്ങനെ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ പരിശോധിച്ചു. 611 സാമ്പിളുകൾ ഇതിൽ നെഗറ്റീവായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.