തിരുവനന്തപുരം: 14 പാലങ്ങള്‍ക്ക് ടോള്‍ പിരിവ് ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം. പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂല്‍ മടക്കര, നെടുംകല്ല്, മണ്ണൂര്‍ കടവ് എന്നീ പാലങ്ങളുടെ ടോള്‍ പിരിവാണ് നിര്‍ത്തുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ തന്നെ ടോള്‍ പിരിക്കുന്നത് നിര്‍ത്തലാക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. ആറ് ടോളുകളുടെ പിരിവ് നേരത്തെ തന്നെ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ബാക്കി വന്നിരുന്ന 14 പാലങ്ങളുടെ കാര്യത്തിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ദേശീയ പാതകളിലെ ടോളിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലാത്തതിനാല്‍ ആ ടോള്‍ പിരിവുകള്‍ തുടരും.
ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്‌നാടിനെ സഹായിക്കുന്നതിന് 10 കോടി രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളം പ്രളയക്കെടുതിയില്‍ വലഞ്ഞപ്പോള്‍ തമിഴ്‌നാട് സഹായഹസ്തവുമായി എത്തിയിരുന്നു. 10 കോടിയായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. കൂടാതെ ഡിഎംകെ അഞ്ച് കോടിയും എഐഎഡിഎംകെ രണ്ട് കോടിയും നല്‍കിയിരുന്നു. തമിഴ് സിനിമാ ലോകവും കേരളത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു.
ആഗസ്റ്റിലെ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരമായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാനും യോഗം തീരുമാനിച്ചു.
കൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ 106 അധ്യാപക-അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
സംസ്ഥാനത്തെ റേഷന്‍ ചില്ലറ വ്യാപാരികളുടെ കമ്മീഷന്‍ പാക്കേജ് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി എ.എ.വൈ ഒഴികെയുളള എല്ലാ വിഭാഗങ്ങള്‍ക്കും അരി, ഗോതമ്പ്, ആട്ട എന്നിവയുടെ കൈകാര്യ ചെലവ് ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതുവഴി മിച്ചം വരുന്ന 38.6 കോടി രൂപ വാതില്‍പ്പടി വിതരണത്തില്‍ സപ്ലൈക്കോയ്ക്ക് ഉണ്ടാകുന്ന അധികച്ചെലവ് ക്രമീകരിക്കുന്നതിന് നല്‍കുന്നതാണ്.
സൈനിക സേവനത്തിനിടെ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഇളവ് ചെയ്യാന്‍ തീരുമാനിച്ചു. കോര്‍പ്പറേഷനില്‍ അഞ്ച് സെന്റ്, മുനിസിപ്പാലിറ്റിയില്‍ പത്ത് സെന്റ്, പഞ്ചായത്തില്‍ ഇരുപത് സെന്റ് എന്ന പരിധിക്ക് വിധേയമായാണ് ഈ ഇളവ്. ഒരാള്‍ക്ക് ഒരു തവണ മാത്രമായിരിക്കും ഇളവ്.