തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ 18 വയസ് കഴിഞ്ഞവര്‍ക്ക് ഉപാധികള്‍ ഇല്ലാതെ വാക്സിന് നല്‍കും. കേന്ദ്ര സര്‍ക്കാര്‍ വാക്സിന് നയം മാറ്റുകയും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സിന് ലഭിക്കുന്ന സാഹചര്യത്തിലുമാണ് നടപടി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
18 വയസിന് മുകളിലുള്ളവരെ ഒറ്റ വിഭാഗമായി കണക്കാക്കിയായിരിക്കും പ്രതിരോധ കുത്തിവയ്പ് നല്‍കുക. എന്നാല്‍ ഗുരുതര രോഗമുള്ളവര്‍, വിദേശത്തു പോകുന്നവര്‍, പൊതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം വരുന്നവര്‍ എന്നിവരുടെ മുന്‍ഗണന തുടരും. ഇവര്‍ക്കൊപ്പം തന്നെ എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഇതോടെ സംസ്ഥാനത്തിന്റെ വാക്സിനേഷന് പ്രക്രിയയുടെ വേഗത കൂടാന്‍ സാധ്യതയുണ്ട്. മുന്‍ഗണന ഇല്ലാത്തവര്‍ക്കും ഇനിമുതല്‍ എളുപ്പത്തില്‍ വാക്സിനായി റജിസ്റ്റര്‍ ചെയ്യാം. മുന്‍കൂട്ടി ബുക്ക് ചെയ്താലും വാക്സിന് ലഭിക്കാത്ത സാഹചര്യം നിലനിന്നിരുന്നു. എന്നാല്‍ കൂടുതല്‍ വാക്സിന് എത്തുന്നതോടെ ഇതിനും പരിഹാരമാകും.
നിലവില്‍ ആരോഗ്യവകുപ്പ് അവസാനം പുറത്തു വിട്ട കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരു കോടിയിലധികം പേര് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു കഴിഞ്ഞു. രണ്ട് ഡോസും എടുത്തവര്‍ 15 ലക്ഷത്തിന് മുകളിലാണ്. പ്രതിദിനം 2.5 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് വാക്സിന് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. മൂന്നാം തരംഗത്തിന്റേയും ഡെല്‍റ്റ പ്ലസ് വൈറസിന്റേയും വ്യാപന സാധ്യത കൂടി പരിഗണിച്ചാണിത്.
Also Read: ടി.പി.ആര് കുറയാത്തത് ആശങ്ക; ഇന്ന് മുതല്‍ ഇളവുകള്‍ തുടരും