നെയ്യാര്‍: കേരളം നെയ്യാറിലേക്ക് രണ്ട് സിംഹങ്ങളെ വാങ്ങുന്നു. നെയ്യാർ സിംഹ സഫാരി പാർക്കിലേക്കാണ് രണ്ട് സിംഹങ്ങളെ എത്തിക്കുന്നത്. ഇതിന് സൂ അതോറിറ്റി ഇന്ത്യ അനുമതി നൽകിയിരിക്കുകയാണ്.

ഗുജറാത്ത് സക്കര്‍ബര്‍ഗ് മൃഗശാലയില്‍നിന്നുമാണ് സിംഹങ്ങളെ വാങ്ങുന്നത്. 1984ല്‍ നാല് സിംഹങ്ങളുമായാണ് സിംഹ സഫാരി പാര്‍ക്ക് നെയ്യാറിലെ മരക്കുന്നം ദ്വീപില്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് സിംഹങ്ങള്‍ പെറ്റുപെരുകി. 17 സിംഹങ്ങള്‍ വരെയായപ്പോള്‍ പോറ്റാനുള്ള ചെലവും കൂടി. തുടര്‍ന്ന് സിംഹങ്ങളുടെ വംശവർധന തടയുക എന്ന തീരുമാനം മൃഗശാല അധികൃതര്‍ എടുത്തു. ഇതിനായി ആൺ സിംഹങ്ങളെ വന്ധ്യംകരിച്ചു.

Read More: ഇന്ത്യയില്‍ ജീവിച്ചിരുന്ന അവസാനത്തെ ഒറാങ്ങുട്ടാന്‍ ചത്തു; ഒറ്റയ്ക്ക് കഴിഞ്ഞത് 16 വര്‍ഷക്കാലം

തുടര്‍ന്ന് സിംഹങ്ങള്‍ ഒന്നൊന്നായി ചത്തു. നിലവിൽ ഒരു പെൺ സിംഹം മാത്രമാണ് നെയ്യാർ സിംഹ സഫാരി പാർക്കിലുളളത്. ഇതിന് 17 വയസ് പ്രായമുണ്ട്. സിംഹങ്ങളുടെ ശരാശരി ആയുസ് 17 വയസാണ്. 19 വയസുവരെ ജീവിച്ച രണ്ട് സിംഹങ്ങൾ കഴിഞ്ഞ വർഷം ചത്തു. ഇതിനെ തുടർന്നാണ് സിംഹങ്ങളെ എത്തിക്കാനുള്ള നടപടി ആരംഭിച്ചത്. തിരുവനന്തപുരം മൃഗശാലയുമായി ബന്ധപ്പെട്ട് സക്കർബർഗ് മൃഗശാലയിൽ നിന്ന് മൂന്ന് സിംഹങ്ങളെ എത്തിക്കാൻ തീരുമാനമുണ്ടായിട്ട് വർഷങ്ങളായി. പകരം ഇവർ ആവശ്യപ്പെട്ടിരുന്നത് രണ്ട് മലയണ്ണാന്മാരെയാണ്. ഈ നടപടികളാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.

ഏഷ്യയിലെ രണ്ടാമത്തെ സിംഹ സഫാരി പാര്‍ക്കാണ് നെയ്യാറിലേത്. നന്നായി മുന്നോട്ടുകൊണ്ടുപോയാല്‍ കേരളത്തിന്റെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമാകുവാന്‍ സാധിക്കുന്ന സ്ഥാപനമാണ് നെയ്യാര്‍ ലയണ്‍ പാര്‍ക്ക്. ഇവിടെ നിന്നും മലയണ്ണാനുമായി വനംവകുപ്പ് സംഘം ഉടൻ ഗുജറാത്തിലേക്ക് തിരിക്കും.

കേരളത്തിൽ പശ്ചിമഘട്ട വനങ്ങളിൽ കണ്ടുവരുന്ന അണ്ണാന്റെ വർഗത്തിൽ ഏറ്റവും വലിപ്പവും സൗന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാൻ. മരത്തിന്റെ മുകളിൽ തന്നെ കഴിയുന്ന ഈ സസ്തനിയുടെ വിവിധ ഉപജാതികളെ ഇന്ത്യയിലെമ്പാടും കാണാവുന്നതാണ്. എന്നാൽ ഇന്ത്യയിലെ ഒരു തദ്ദേശീയ ജീവിയാണിത്. പൂർണമായും കാടുകളിൽ ജീവിക്കുന്ന മലയണ്ണാൻ പകൽ പുറത്തിറങ്ങുന്ന ഒരു ജീവിയാണ്‌.

കേരളത്തിൽ കണ്ടുവരുന്ന മലയണ്ണാന്റെ ശരീരത്തിന്റെ പുറംഭാഗം ചുവപ്പു കലർന്ന തവിട്ടു നിറത്തോടു കൂടിയതായിരിക്കും. താടിമുതൽ പിൻകാലുകളുടെ ഇടയിൽ വരെ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിലോ ഇളം തവിട്ടു നിറത്തിലോ ആണുണ്ടാവുക. ഈ നിറപ്രത്യേകത മൂലം മലയണ്ണാനെ ചിലപ്പോൾ മരനായ ആയി തെറ്റിദ്ധരിക്കാറുണ്ട്. ശരീരത്തിന് 45 സെ.മീ. നീളമുണ്ടാകാറുണ്ട്. വാൽ ഏകദേശം 70 സെ.മീ. നീളത്തിലുണ്ടായിരിക്കും. വാലിന്റെ അറ്റത്തായി ചെറിയ നിറവ്യത്യാസമുണ്ട്. രണ്ട് കിലോഗ്രാം ഭാരമാണ് ഏകദേശമുണ്ടാവുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.