തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങളുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ ഒരു സീനിയർ ഐഎഎസ് ഓഫീസറെ ചുമതലപ്പെടുത്താൻ തീരുമാനമായി. പ്രളയത്തെ തുടർന്നുണ്ടായ തകർച്ചയുടെ സാഹചര്യത്തിൽ ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതല ഏൽപ്പിക്കാൻ തീരുമാനമായത്. ദേവസ്വം ബോർഡിന്റെ ആവശ്യ പ്രകാരമാണ് തീരുമാനം. സീനിയർ ഓഫീസറെ മന്ത്രിസഭാ യോഗത്തിൽ ആലോചിച്ച് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുറത്തുള്ള ഒരു ഏജൻസിയെ ഇവിടുത്തെ നിർമ്മാണം ആകെ ഏൽപ്പിക്കാനും അക്കാര്യത്തിൽ അഞ്ച് ദിവസത്തിനകം തന്നെ ചർച്ച ചെയ്ത് ഏജൻസിയെ കണ്ട് പിടിക്കാനും പത്ത് ദിവസത്തിനകം പണികൾ തുടങ്ങാൻ സാധിയ്ക്കണമെന്നും തീരുമാനിച്ചു.
പ്രളയ ദുരന്തത്തിൽ പമ്പയിൽ 100 കോടി രൂപയുടെ നഷ്ടമുണ്ടായതായി ദേവസ്വം ബോർഡ് പറഞ്ഞു. പമ്പയിലെ നിലവിലെയും നേരത്തെയും ഉള്ള ചിത്രങ്ങളും വീഡിയോയും കാട്ടിയാണ് ദേവസ്വം ബോർഡ് ഉന്നതതല യോഗത്തിൽ കാര്യങ്ങൾ വിശദീകരിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. പമ്പയിൽ അടിയന്തരമായി മൂന്ന് ബെയ്‌ലി പാലങ്ങൾ നിർമ്മിക്കണം. ഇതിനായി കരസേന സമ്മതം അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആർമി ആസ്ഥാനത്ത് നിന്ന് ലഭിക്കും. രണ്ട് പാലങ്ങൾ ഭക്തർക്ക് പോകാനും വരാനുമായി ഉള്ളതാണ്. മൂന്നാമത്തെ പാലം ക്ഷേത്രത്തിലെ അവശ്യ സാധനങ്ങളുമായി വാഹനങ്ങൾക്കും ആംബുലൻസിനും പോകാനുള്ളത്. രണ്ട് പാലങ്ങൾ അടിയന്തരമായി നിർമ്മിക്കുമെന്നും ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ മുഖ്യമന്ത്രിയെ അറിയിച്ചു.
അതേസമയം, പാലങ്ങളുടെ കാര്യത്തിൽ ആർമിയുമായി ആശയവിനിമയം നടത്തി നടപടി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. അടുത്ത മണ്ഡല-മകരവിളക്ക് സീസണ് മുന്നോടിയായുള്ള 60 ദിവസം കൊണ്ട് ചെയ്യാവുന്നത്രയും പണി പമ്പയിൽ ചെയ്ത് തീർക്കണം. ദേവസ്വം ബോർഡിന്റെ കൈയ്യിലുള്ള പണം ഇതിനായി ഉപയോഗിക്കണം.
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നിർമ്മാണ പ്രവർത്തനങ്ങളുടെ തുക മുഴുവനും ദേവസ്വം ബോർഡ് തന്നെ ചെലവാക്കുമെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ഇനി പമ്പയിൽ യാതൊരു തരത്തിലുമുള്ള കോൺക്രീറ്റ് നിർമ്മാണവും നടത്തുകയില്ല. അയ്യപ്പഭക്തരുടെ ക്യാമ്പ് പോയിന്റ് നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിങ്ങനെയായിരിക്കും. അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കുകയുള്ളൂ. നിലയ്ക്കലിൽ നിന്ന് കെഎസ്ആർടിസി ബസ്സുകളുടെ സഹായത്താൽ അയ്യപ്പഭക്തരുടെ പമ്പായാത്ര സുഗമമാക്കും. ഇതിനായി 80 കെഎസ്ആർടിസി ബസ്സുകൾ വേണ്ടിവരുമെന്നും ദേവസ്വം പ്രസിഡന്റ് ഉന്നതതല യോഗത്തിൽ അറിയിച്ചു.
ദേവസ്വം ബോർഡ് ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഇന്ന് ചേരുന്ന ബോർഡ് യോഗം തീരുമാനമെടക്കും. പമ്പയിലെ നിർമ്മാണ പ്രവർത്തനങ്ങൾ, പ്രസിഡന്റ് തന്നെ പമ്പയിൽ ക്യാമ്പ് ചെയ്ത് ഏകോപിപ്പിക്കുമെന്നും പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി. കെഎസ്ഇബി, വാട്ടർ അതോറിറ്റി, ഇറിഗേഷൻ തുടങ്ങി വിവിധ വകുപ്പുകൾ നടത്തേണ്ട പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന് ബന്ധപ്പെട്ട സെക്രട്ടറിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി.
മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജി.സുധാകരൻ, ഇ.ചന്ദ്രശേഖരൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ബോർഡ് അംഗങ്ങളായ കെ.രാഘവൻ, കെ.പി.ശങ്കരദാസ്, ദേവസ്വം കമ്മീഷണർ എൻ.വാസു, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി, വിവിധ വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡല-മകരവിളക്ക് സീസണിൽ അയ്യപ്പ ഭക്തരുടെ എണ്ണം നിയന്ത്രിക്കണമെന്ന ആവശ്യം ഡിജിപിയും ചീഫ് സെക്രട്ടറിയും യോഗത്തിൽ ഉന്നയിച്ചു.