തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തന്റെ ഓഫിസിലേക്ക് അന്വേഷണം എത്തുമെങ്കില്‍ എത്തട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കതില്‍ വിഷമമില്ല. അന്വേഷണത്തില്‍ വമ്പന്‍ സ്രാവുകള്‍ പുറത്തുവരട്ടെ. എല്ലാ വമ്പന്‍മാരും കൊമ്പന്‍മാരും കുടുങ്ങട്ടെ. അതിനെന്തിനാണ് ബേജാറാവുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേസില്‍ ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം നടത്തുന്ന എന്‍ഐഎ രാജ്യത്തെ ഏറ്റവും പ്രമുഖ ഏജന്‍സികളിലൊന്നാണ്. ലഭ്യമായ സൂചനകള്‍വച്ച് കൃത്യമായ രീതീയിലാണ് അന്വേഷണം പോകുന്നത്. നല്ല സ്പീഡില്‍ത്തന്നെ കാര്യങ്ങള്‍ നീങ്ങുന്നു. ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണഫലം വരില്ലല്ലോ.

അന്വേഷണത്തിന്റെ മറ്റു വിശശദാംശങ്ങള്‍ നമുക്കറിയില്ലല്ലോ. കേസില്‍ ആര്‍ക്കൊക്കെയാണ് പങ്കുള്ളത്, ആരാണ് കുറ്റവാളികള്‍ എന്നൊക്കെ പുറത്തുവരട്ടെ. അതിനെന്തിനാ നമ്മള്‍ വേവലാതിപ്പെടുന്നത്. അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആര് കുറ്റവാളിയായാലും അവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല.

Also Read: സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്; സ്പീക്കർക്കെതിരെ പ്രമേയം പാസാക്കാൻ തീരുമാനം

എന്‍ഐഎ അന്വേഷണം സംബന്ധിച്ച് എന്തിനാണ് ഊഹാപോഹങ്ങള്‍ക്കു പുറകെ പോകുന്നത്?. അന്വേഷണം നടക്കട്ടെ. കുറച്ചുകഴിയുമ്പോള്‍ മനസിലാവുമല്ലോ അന്വേഷണം ശരിയായ വഴിയിലാണോ തെറ്റായ വഴിയിലാണോ പോകുന്നതെന്ന്. തെറ്റായ വഴിയിലാണെങ്കില്‍ അപ്പോള്‍ പറയാമല്ലോ? സ്വപ്‌ന സെക്രട്ടറിയേറ്റില്‍ വന്നിട്ടുണ്ടെങ്കില്‍ കോണ്‍സുല്‍ ജനറലിനൊപ്പം മാത്രമാണ്. കോണ്‍സുല്‍ ജനറലിനൊപ്പം വരുന്നവര്‍ ആരാണെന്ന് ചോദിക്കേണ്ട കാര്യമുണ്ടോ?

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. ശിവശങ്കറിനെതിരെ നടപടിയെടുക്കാന്‍ നിലവില്‍ കാരണങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവാദ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആക്ഷേപമുയര്‍ന്നപ്പോള്‍ തന്നെ ശിവശങ്കറിനെ മാറ്റിനിര്‍ത്തി. ഇത് യുഡിഎഫിന് സ്വപ്‌നം പറ്റുമോ? അതിനപ്പുറം എന്തെങ്കിലും കാര്യങ്ങള്‍ വരുന്നുണ്ടോ? ഉണ്ടെന്നു കണ്ടാല്‍ ഒരു സംശയവും വേണ്ട, അപ്പോള്‍ കര്‍ശന നപടിയെടുക്കും.

Also Read: സ്വർണ്ണക്കടത്തിൽ യുഡിഎഫ് നേതാക്കൾക്ക് പങ്കില്ലെന്ന് പ്രവചിക്കാനാവില്ല: കെ.സുധാകരൻ

സാധാരണഗതിയില്‍ ഇത്തരമൊരു വിവാദസ്ത്രീയുമായി ശിവശങ്കര്‍ ബന്ധപ്പെടാന്‍ പാടില്ലായിരുന്നു. അതുണ്ടായി. അത് കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തി. അതല്ലേ നമുക്ക് ചെയ്യാനാകുക. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിയെടുക്കുക. ശിവശങ്കറിനെതിരെ ഇനി നടപടിയെടുക്കാന്‍ വസ്തുതകള്‍ വേണം. അന്വേഷണത്തില്‍ കണ്ടെത്തണം. ഓരോരുത്തരുടെയും സങ്കല്‍പ്പത്തിനനുസരിച്ച് നടപടിയെടുക്കാന്‍ പറ്റില്ല. മറ്റ് പരാതികളുണ്ടെങ്കില്‍ അത് അന്വേഷണത്തില്‍ തെളിയണം. അതിന്റെ ഫലം കാത്തിരുന്നുകൂടേ? ആരെയും സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകും. വിവാദ സ്ത്രീയുടെ നിയമനം നിയമനം ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അന്വേഷിക്കും.

Also Read: 2019 മുതല്‍ പലതവണയായി കടത്തിയത് 57 കിലോ സ്വർണം: എൻഐഎ

പ്രതിപക്ഷത്തിനു വിഷയദാരിദ്ര്യമുള്ളതിനാലാണ് പ്രതിപക്ഷം സ്പീക്കറെ അനാവശ്യ വിവാദത്തില്‍ പെടുത്തുന്നത്. സാധാരണഗതിയില്‍ ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട ആളല്ല സ്പീക്കര്‍. മാസങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരിലാണ് ഈ പ്രശ്‌നം. ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തെ വിവാദത്തില്‍ പെടുത്തേണ്ടതുണ്ടോ? കേസില്‍ ഉള്‍പ്പെട്ട കൂട്ടര്‍ വിവാദത്തില്‍ പങ്കാളികളാകാന്‍ പോകുന്നുവെന്ന് അന്ന് ആര്‍ക്കും അറിയില്ലല്ലോ. അതിന്റെ പരില്‍ അവിശ്വാസം കൊണ്ടുവരുന്നത് ആരെങ്കിലും ചെയ്യുമോ? പ്രതിപക്ഷം എതിര്‍ക്കാന്‍ വേണ്ടി ന്യായമില്ലാത്ത കാര്യങ്ങള്‍ കണ്ടെത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.