തൃശൂര്‍ : ഒരു നാടകോത്സവം തെരുവുകളിലേക്ക് വന്നപ്പോള്‍ വാഹന ഗതാഗതം വഴിമാറ്റി വിട്ടിട്ടുണ്ട്, നമ്മുടെ തൃശ്ശൂരില്‍, ഇക്കഴിഞ്ഞ വര്‍ഷത്തില്‍. ആ ദൃശ്യാവിഷ്കാരങ്ങളില്‍ ഒന്ന് രാമചന്ദ്രന്‍ മൊകേരിയുടെ ഗിത്താര്‍ ഏന്തിയ റോക്ക്സ്റ്റാര്‍ വേഷമായിരുന്നു. ഒരു കൃതൃമ പശുവിനെ അറുത്തു അതിന്റെ ഇറച്ചി വിതരണം നടത്തുന്നത് തൊട്ടുമുന്‍പ് കണ്ടുനിന്ന കാണികള്‍ക്കിടയിലൂടെയാണ് റോക്ക്സ്റ്റാര്‍ നടന്നുനീങ്ങിയത്. കേരളത്തിന്‍റെ അന്താരാഷ്ട്ര നാടകമേള പൊതുവില്‍ വ്യക്തമായ വലതുപക്ഷ വിരുദ്ധതയ്ക്ക് വേദിയായപ്പോള്‍, അസ്പ്ര്യശ്യന്‍: ഞാന്‍ രോഹിത് വെമുല എന്ന മൊകേരിയുടെ നാടകാവതരണം ശക്തമായ ദളിത് വ്യാകുലതകളുടെ രാഷ്ട്രീയാവിഷ്കാരം ആയിരുന്നു.

മറ്റൊരു നിമിഷത്തില്‍, ഒരു നടവഴിയെ മുഴുവന്‍ സ്തംഭിപ്പിച്ചത് ഒരു സ്ത്രീയുടെ ശവശരീരമായിരുന്നു. സ്വര്‍ണക്കുട കൊണ്ട് തലമറച്ച് ആ ജഡം ചുമന്നു കൊണ്ട് പോകുമ്പോള്‍ തൊഴിലാളികള്‍ ജീവിക്കുന്ന പ്രദേശത്തെ ജനത്തിരക്ക് നടുവേ പകുത്തു ശവഘോഷയാത്രക്ക് വഴിയൊരുക്കി. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള അലെഹാന്ദ്രോ കൊഫ്രെയുടെ ശ്രമമായിരുന്നു സറി റോസാ എന്ന് പേരിട്ട ആ അവതരണം. ഇറ്റ്ഫോക് എന്ന ചുരുക്കപ്പേരില്‍ (International Theatre Festival of Kerala) അറിയപ്പെടുന്ന ഈ നാടകമേള ആദ്യമായി സംഘടിപ്പിക്കുനത് 2008ലാണ്. അന്ന് മുതല്‍തന്നെ സാമൂഹ്യ-സാംസ്കാരിക വ്യവസ്ഥയുടെ വിടവുകളില്‍ ഉരുവം കൊള്ളുന്ന നാടകകലയെ ദേശീയതലത്തില്‍ തന്നെ ഏറ്റവും വിപ്ലവകരവും പരീക്ഷണപരവുമായി അവതരിപ്പിക്കുന്ന നാടകോത്സവം ഇതാണെന്നു പറയാം.

“മേള നടക്കുന്ന നഗരത്തെ മുഴുവനായും ഉള്‍പ്പെടുത്തിക്കൊണ്ട്, അവിടത്തെ പോലീസും തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു, മറ്റേതൊരു സാംസ്കാരിക-മത ആഘോഷങ്ങളെയും പോലെ വളരുന്ന ഒരു പരിപാടിയായി ഇതിനെ മാറ്റണം എന്ന ഉദ്ദേശത്തോടെയാണ് ഇത് രൂപപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചത്”, ഈ മാസം 20 നു ഒരു പതിറ്റാണ്ട് പിന്നിടുന്ന ഇറ്റ്‌ഫോക്കിനെ കുറിച്ച് മേളയുടെ മുന്‍ കലാത്മക സംവിധായകനായിരുന്ന അഭിലാഷ് പിള്ള പറയുന്നു.

മറുപുറക്കാഴ്ച

“പുറംതള്ളപ്പെട്ടവരുടെ അരങ്ങ്: അരികുകള്‍ തിരിച്ചുപിടിക്കുന്നു” എന്ന പ്രമേയപരിസരമുള്ള ഈ വര്‍ഷത്തെ 10 ദിവസം നീളുന്ന മേളയില്‍ 16 അന്താരാഷ്ട്ര നാടകങ്ങളും 16 ഇന്ത്യന്‍ നാടകങ്ങളും ആണ് പ്രദര്‍ശനത്തിനെത്തുക. “എവിടെ നിന്നാണ് പുതിയ ആശയങ്ങള്‍ വരുന്നത്? എവിടെയാണ് പുതിയ സമരങ്ങള്‍ നടക്കുന്നത്? തങ്ങളുടെ കല പ്രദര്‍ശിപ്പിക്കാന്‍ വലിയ വേദികള്‍ കിട്ടാത്തവര്‍ എവിടെയാണ്? എന്നീ ചോദ്യങ്ങള്‍ നാം നമ്മോട് തന്നെ ചോദിച്ചു തുടങ്ങിയിരിക്കുന്നു. സമകാലിക പ്രാധാന്യമുള്ള, മാറ്റം ആവശ്യപ്പെടുന്ന, മുഖ്യധാരയില്‍ തനതു സ്വത്വവും ഇടവും തേടുന്ന നിരവധി ശബ്ദങ്ങള്‍ അരികുകളില്‍ നിന്നും ഉയരുന്നുണ്ട്” മേളയുടെ സംവിധായകന്‍ എം.കെ.റൈന പറയുന്നു.

അത്ര സുന്ദരമല്ലാത്ത കാഴ്ച

ഇസ്രായേലി സംവിധായകനായ എയ്നത് വെയ്റ്റ്സ്മാന്‍റെ ‘പാലസ്തീന്‍: ഇയര്‍ സീറോ’ എന്ന നാടകം ഇസ്രയേല്‍ സര്‍ക്കാറിന്റെ സൂക്ഷ്മ പരിശോധനകള്‍ക്ക് വിധേയമയതാണ്. 2016ല്‍ ഇസ്രയേല്‍ നഗരമായ ആക്കോവില്‍ നടന്ന ആള്‍ട്ടെര്‍നേറ്റീവ് തീയേറ്റര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുന്നോടിയായി ഈ നാടകം പരിശോധിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍, അതിനു പ്രദര്‍ശനാനുമതി നിഷേധിച്ചാല്‍ തങ്ങളാരും നാടകങ്ങള്‍ അവതരിപ്പിക്കില്ലെന്ന് മറ്റു കലാകാരന്മാര്‍ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചിരുന്നു. പാലസ്തീനിലെ തകര്‍ന്ന വീടുകളുടെ സര്‍വേ എടുക്കുന്ന ഒരു ‘ബില്‍ഡിംഗ് അസ്സെസ്സര്‍’ അവകളില്‍ ജീവിച്ചിരുന്നവരുടെ കഥകള്‍ ഡോക്യുമെന്റ് ചെയ്യുനതാണ് ഇതിന്‍റെ ‘വിധ്വംസക’ ഇതിവൃത്തം.

‘വോയ്സ്ലെസ്നെസ്’ എന്ന ഇറാനിയന്‍ നാടകം 2070ല്‍ ജീവിക്കുന്ന ഒരു യുവതി തന്റെ മുത്തശ്ശന്‍റെ നിഗൂഢ തിരോധാനത്തിനു പിന്നിലെ സത്യം അന്വേഷിച്ചു അലയുന്നതാണ് വിഷയമാക്കുന്നത്.

ദേശീയസ്വത്വനിര്‍മിതിയില്‍ കഥപറച്ചിലിനുള്ള പ്രാധാന്യം അന്വേഷിക്കുന്ന നാടകമാണ് ബ്രിട്ടനില്‍ നിന്നുള്ള ‘മൈ ബോഡി വെല്ഷ്’.

ഇറ്റ്‌ഫോക് ലൊഗോ

ഇന്ത്യയില്‍ നിന്നുള്ള നാടകം

ഒരു കട്ടിലിനു മേലെയും ചുറ്റുമായി രണ്ടു പുരുഷന്മാര്‍ പെര്‍ഫോം ചെയ്യുമ്പോള്‍ നാലുപാടും ഇരുന്നു അത് കാണാനോ ജനാലയിലൂടെ പുറത്തേക്ക് നോക്കാനോ കാണികളെ ക്ഷണിക്കുന്ന ‘ക്വീന്‍ സൈസ്’ എന്ന മന്‍ദീപ് രൈഖിയുടെ നൃത്താവതരണം, സ്വവര്‍ഗ ലൈംഗികതയെ ‘പ്രകൃതിവിരുദ്ധമെന്ന ലേബലില്‍’ ക്രിമിനല്‍ കുറ്റമാക്കുന്ന സെക്ഷന്‍ 377 വീണ്ടും പരിഗണനക്ക് എടുക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാവുന്നു.

കയറാനും ഇറങ്ങിപോകാനും എപ്പോഴും സ്വാതന്ത്ര്യമുള്ള കാണികളെ സൃഷ്ടിച്ചു കൊണ്ട്, വ്യക്തികളുടെ സ്വകാര്യ പെരുമാറ്റങ്ങളിലെക്കുള്ള പൊതുസമൂഹത്തിന്റെ ഇടപെടലുകളിലെ അടരുകളെ, തെരഞ്ഞെടുക്കലിന്റെ സ്വാതന്ത്ര്യവുമായി ഈ അവതരണം സൂക്ഷ്മമായി ബന്ധിപ്പിക്കുന്നു. 2016 ലെ അവതരണത്തേക്കാള്‍ മികച്ച പ്രദര്‍ശനമായിരിക്കും ഇത്തവണത്തേത്. “സംവിധായകന്റെത് മാത്രമല്ലാതെ അവതരിപ്പിക്കുന്നവരുടെത് കൂടെയായി മാറി ഇത് ഇക്കഴിഞ്ഞ കാലയളവില്‍. അവതരണപരമായി ഈ മാറ്റം ഇതിനെ ഏറെ വളര്ത്തിയിട്ടുണ്ട്. ഇടംസംബന്ധിച്ച ചില പുനരാലോചനകളും ഇതിനിടെ ഉണ്ടായി. ആദ്യ പ്രദര്‍ശനത്തില്‍ എല്ലാം മദ്ധ്യ-കേന്ദ്രീകൃതമായിരുന്നു. കട്ടില്‍ അരങ്ങിന്റെ നടുക്കായിരുന്നു, എന്നിട്ട ഞങ്ങള്‍ അതിനെ മെല്ലെ മെല്ലെ അഴിച്ചെടുത്തു തുടങ്ങി, ഇപ്പോള്‍ ആയിടത്തിലെ കട്ടിലിന്റെ സാന്നിധ്യം മാറുന്നുണ്ട്’, രൈഖി പറയുന്നു.

ജാതിഅടിമത്തം സൃഷ്ടിക്കുന്ന അപമാനവീകരണം, ജാതിവ്യവസ്ഥയുടെ ഭാഗമായ അക്രമം, വിവേചനം, ദാരിദ്ര്യം എന്നവയ്ക്കെതിരായ സമരം എന്നിവയെ ശക്തമായി തുറന്നു കാട്ടിയ ശരണ്‍കുമാര്‍ ലിംബാളെയുടെ ആത്മകഥ ആധാരമാക്കി ഒരുക്കിയ ‘ഔട്ട്‌കാസ്റ്റ്’ എന്ന നാടകമായിരിക്കും മേളയിലെ ദളിത്‌ സാന്നിധ്യം. മനുഷ്യക്കടത്തുമായു ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ ധാരണകള്‍ തിരുത്താന്‍ ശ്രമിക്കുന്ന ‘റെഡ് ലൈറ്റ് എക്സ്പ്രസ്’ അവതരിപ്പിക്കുന്നത് ലൈംഗിക തൊഴിലാളികളുടെ പെണ്മക്കളാണ്. ലക്ഷ്മണനും കുംഭകര്‍ണനുമായി ബന്ധപ്പെട്ട രാമായണ കഥയിലെ ഉറക്കത്തിന്റെ രാഷ്ട്രീയം പ്രതിപാദിക്കുന്നതാണ് ആദിശക്തിയുടെ ‘നിദ്രാവത്വം’. ലക്ഷ്മണനു കാട്ടില്‍ കഴിഞ്ഞ 14 വര്‍ഷവും ഉറങ്ങാതിരിക്കാനുള്ള വരമാണ് ലഭിച്ചതെങ്കില്‍ വര്‍ഷത്തില്‍ ആദ്യ പാതി തുടര്‍ച്ചയായി ഉറങ്ങാനും അടുത്ത പാതി മുഴുവന്‍ ഉണര്‍ന്നിരിക്കാനുമുള്ള വരമാണ് കുംഭകര്‍ണന്‍റെത്.

നാടകങ്ങള്‍ക്ക് പുറമേ

‘പ്രതിരോധത്തിന്റെ അരങ്ങ്’ എന്ന വിഷയത്തില്‍ വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍, കലാകാരന്മാര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍, ഇറ്റ്ഫോക്കിന്റെ ഇതുവരെയുള്ള യാത്ര അടയാളപ്പെടുത്തുന്ന ഫോട്ടോപ്രദര്‍ശനവും മേളയുടെ ഭാഗമായുണ്ടാവും. ഈ മാസം 20 മുതല്‍ 29 വരെ എന്നും 11.30 മുതല്‍ രാത്രി 9.30 വരെയായിരിക്കും മേള നടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.