തിരുവനന്തപുരം: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയെ മറികടന്ന് കേരളം. ഇന്നലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 11,755 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയല്‍ ഇന്നലെ 11,416 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി 17.46 ശതമാനത്തിലെത്തി. 15,17,434 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്.

കര്‍ണാടകയില്‍ 10,517 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 7,00,786 കേസുകളാണ് കര്‍ണാടകയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ ഇന്നലെ 5,653 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,50,517 പേര്‍ക്കാണ് ആന്ധ്രയില്‍ ആകെ രോഗം ബാധിച്ചത്. തമിഴ്‌നാട്ടില്‍ ഇന്നലെ 5,245 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6,51,370 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതോടെ പ്രതിദിന കോവിഡ് കേസുകളിൽ മൂന്ന് സംസ്ഥാനങ്ങളെയാണ് കേരളം ഇന്നലെ മറികടന്നത്.

Read More: ആറ് ജില്ലകളിൽ പുതിയ രോഗികൾ ആയിരത്തിലധികം; മലപ്പുറത്ത് മാത്രം 1632 പേർ

കേരളത്തില്‍ 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,82,874 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്നലെ ആറു ജില്ലകളില്‍ പ്രതിദിന കണക്ക് ആയിരം മറികടന്നു. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 10471 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. തോത് 90 ശതമാനം. ഉറവിടം വ്യക്തമല്ലാത്ത രോഗികൾ 925. 116 ആരോഗ്യപ്രവർത്തകരും രോ​ഗബാധിതരിൽ ഉൾപ്പെടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, 100 രോഗികളെ പരിശോധിക്കുമ്പോൾ 17ലധികം പേർ രോഗികൾ എന്ന കണക്കിലെത്തി. ഇതും രാജ്യത്ത് ഇന്നലത്തെ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണ്. ചികിത്സയിലുള്ള രോഗികളുടെ തോതിലും ദശലക്ഷം പേരിലെ കോവിഡ് ബാധയിലും കേരളം ദേശീയ നിരക്കിനേക്കാൾ മുകളിലാണ്. രോഗമുക്തിയിൽ ദേശീയ നിരക്കിനേക്കാൾ പിറകിലും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.