കൊച്ചി: സംസ്ഥാനത്തെ റേഷൻ കാർഡുടമകളുടെ വിവരങ്ങൾ സൂക്ഷിച്ചിരുന്ന വെബ്സൈറ്റിൽ വൻ സുരക്ഷാ വീഴ്‌ച റിപ്പോർട്ട് ചെയ്യപ്പെട്ടു. 80 ലക്ഷത്തിലേറെ റേഷൻ കാർഡ് വിവരങ്ങൾ സൂക്ഷിച്ച സപ്ലൈകോയുടെ വെബ്സൈറ്റിലാണ് വീഴ്‌ച കണ്ടെത്തിയത്. എത്തിക്കൽ ഹാക്കറായ റിഷി മോഹൻദാസ് ഇക്കാര്യം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചതിന് പിന്നാലെ വെബ്സൈറ്റിൽ സപ്ലൈകോ മാറ്റങ്ങൾ വരുത്തി.

രണ്ട് വർഷം മുൻപും ഈ വെബ്സൈറ്റിൽ വലിയ സുരക്ഷാ വീഴ്‌ച റിപ്പോർട്ട് ചെയ്തിരുന്നു. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ രൂപം കൊടുത്ത വെബ്സൈറ്റിൽ ഒരാളുടെ റേഷൻ കാർഡ് നമ്പർ മാത്രം ഉണ്ടെങ്കിൽ ഉടമയുടെ സകലവിവരവും ലഭ്യമാകുമെന്നാണ് അന്ന് റിപ്പോർട്ട് ചെയ്തിരുന്നത്.

സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ഇത് പരിഹരിക്കുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.

ഇതേക്കുറിച്ച് എത്തിക്കൽ ഹാക്കറായ റിഷി മോഹൻദാസ് ഐഇ മലയാളത്തോട് പറഞ്ഞതിങ്ങനെ- “ആർക്കും തുറന്ന് നോക്കാവുന്ന വിധത്തിലാണ് വിവരങ്ങൾ ഉളളത്. ഓരോ വീട്ടിലെയും അംഗങ്ങളുടെ പേര്, വയസ്,  അംഗങ്ങൾ തമ്മിലുളള ബന്ധം, വിലാസം തുടങ്ങിയ വിവരങ്ങളെല്ലാം ആർക്കും പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.  ഓരോ വാർഡിലെയും അടക്കം മുഴുവൻ വിവരങ്ങളും ശേഖരിക്കാവുന്ന വിധത്തിലാണ് ഇത് ഉണ്ടായിരുന്നത്.”

സുരക്ഷാ വീഴ്‌ച സംബന്ധിച്ച് റിഷി മോഹൻദാസ് ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ട ഉടൻ തന്നെ, വെബ്സൈറ്റിലെ ഈ ഭാഗം ബ്ലോക്ക് ചെയ്യപ്പെട്ടു. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററാണ് വെബ്സൈറ്റിന്റെ സാങ്കേതിക ഭാഗം കൈകാര്യം ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.