തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍വച്ച് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു.
കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സുരേഷാണു കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവി, വയനാട് ജില്ലാ കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.
സ്‌കൂള്‍ പരിസരം സുരക്ഷിതമാക്കുന്നതിലും പാമ്പുകടിയേറ്റ കുട്ടിക്കു യഥാസമയം അടിയന്തര ചികിത്സ ലക്ഷ്യമാക്കുന്നതിലും സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നു പി. സുരേഷ് അറിയിച്ചു.
കുട്ടികളുടെ സുരക്ഷ പരിഗണിച്ച് അധ്യയന വര്‍ഷാരംഭത്തിനു മുന്‍പ് സ്‌കൂള്‍ പരിസരത്തെ അപകടകരമായ സാഹചര്യത്തില്‍ ഒഴിവാക്കണമെന്ന് കമ്മിഷന്‍ നിഷ്‌കര്‍ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകള്‍ ഷഹ്‌ലയ്ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റത്. ക്ലാസ് മുറിയിലെ കോണ്‍ക്രീറ്റ് തറയില്‍ ചുമരിനോട് ചേര്‍ന്ന് രണ്ടു മാളങ്ങളുണ്ട്. ഇതിലൊന്നില്‍നിന്നാണു പാമ്പ് ഷഹ്‌ലയെ കടിച്ചത്.
കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പ്രൈമറി അധ്യാപകന്‍ സി.പി. ഷജില്‍ കുമാറിനെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹിം തോണക്കര സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അധ്യാപകര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണു വിവരം.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍, എ.ഡി.എം,. ഡി.എം.ഒ. എന്നിവരോട് കലക്ടര്‍ അദീല അബ്ദുള്ള ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുക.
പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.