ന്യൂജേഴ്സി: മലയാളി വിദ്യാർത്ഥി അമേരിക്കയിൽ മുങ്ങി മരിച്ചു. ന്യൂജേഴ്സിയിലെ ന്യൂമിൽഫോർഡിൽ താമസിക്കുന്ന പത്തനംതിട്ട നിരണം സ്വദേശി ക്ലിന്റൺ അജിത്താണ് (18) മരിച്ചത്. കുളത്തിൽ വീണ പന്തെടുക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം എന്നാണ് വിവരം.
അമേരിക്കൻ സമയം വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴ് മണിക്കാണ് സംഭവം. ഒരു കൂട്ടം കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടെ അറിയാതെ പന്തടിച്ച് കുളത്തിൽ വീഴുകയും ക്ലിന്റൺ അതെടുത്ത് തരാമെന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു എന്നും അമേരിക്കൻ മാധ്യമമായ ഡെയിലി വോയിസ് റിപ്പോർട്ട് ചെയ്തു.
നീന്താൻ അറിയാത്ത ക്ലിന്റൺ തണുത്ത വെള്ളത്തിൽ ഇറങ്ങിയതോടെ മുങ്ങി പോവുകയായിരുന്നു. എമർജൻസി സർവീസ് അധികൃതർ എത്തി ക്ലിന്റണെ കുളത്തിൽ നിന്നും കയറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2012ലാണ് ക്ലിന്റൺ അജിത്തും കുടുംബവും യുഎസിൽ താമസമാക്കിയത് എന്നാണ് അറിയുന്നത്.