scorecardresearch

കേരള സ്റ്റോറി: ‘സിനിമ നിരോധിക്കണമെന്ന് പറയില്ല’; യഥാര്‍ഥ്യമല്ലെന്ന് വിളിച്ചു പറയാമെന്നും തരൂര്‍

സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്

Shashi Tharoor, Congress
Photo: Facebook/Shashi Tharoor

തിരുവനന്തപുരം: ‘കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമ നിരോധിക്കണമെന്ന് താന്‍ ആഹ്വാനം ചെയ്യില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ദുരൂപയോഗം ചെയ്യപ്പെടുന്നതിനാല്‍ ആവിഷ്കാര സ്വതന്ത്ര്യം വിലയില്ലാതായി തീരുന്നില്ല. പക്ഷെ എന്നാല്‍ യഥാര്‍ഥ്യവുമായി സിനിമക്ക് ബന്ധമില്ലെന്ന് പറയാന്‍ കേരളീയര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കേരള സ്റ്റോറിയുടെ പോസ്റ്റര്‍ പങ്കുവച്ച് തരൂര്‍ വിമര്‍ശിച്ചിരുന്നു. ഇത് നിങ്ങളുടെ കേരള സ്റ്റോറി ആയിരിക്കാം, പക്ഷെ ഞങ്ങളുടെ കേരള സ്റ്റോറിയല്ല എന്ന ക്യാപ്ഷനോടെയായിരുന്നു തരൂരിന്റെ ട്വീറ്റ്. പ്രസ്തുത ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് തരൂരിന്റെ പുതിയ പ്രതികരണം.

സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കേരളത്തിൽ നിന്ന് മതം മാറ്റി 32,000 സ്ത്രീകളെ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേർത്തെന്ന പ്രമേയമാണ് ചിത്രം പങ്കുവയ്ക്കുന്നത്. അതേസമയം, ചിത്രം നിരോധിക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. സുദീപ്തൊ സെന്‍ സംവിധാനം ചെയ്ത ചിത്രം മേയ് അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.

സിനിമയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ വിമര്‍ശനം ഉന്നിയിച്ചിരുന്നു. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചതാണ് ‘കേരള സ്റ്റോറി’യെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

“മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. കേരളത്തിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സംഘപരിവാർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവൽക്കരണത്തേയും കാണാൻ,” മുഖ്യമന്ത്രി പറഞ്ഞു.

“സിനിമയിൽ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നിൽ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്,” പിണറായി വിജയന്‍ ആരോപിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala story i am not calling for a ban says tharoor

Best of Express