കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തിൽ മോഹൻലാലിനെതിരെ സംസ്ഥാന വനിത കമ്മിഷൻ. മോഹൻലാൽ പ്രസിഡന്റായി ചുമതലയേറ്റ് ആദ്യമെടുത്ത നിലപാടിതാണെന്ന് എം.സി.ജോസഫൈൻ പറഞ്ഞു.

“ഒരു ലഫ്റ്റനന്റ് കേണൽ എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടയാളാണ് മോഹൻലാൽ. സാംസ്കാരികമായ ഉന്നത നിലവാരം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. അദ്ദേഹം അമ്മയുടെ പ്രസിഡന്റായ ശേഷം ആദ്യം എടുത്ത തീരുമാനം ഇതാണ്. അൽപം സാവകാശത്തോടെ ചിന്തിച്ച് സ്വീകരിക്കേണ്ട നിലപാടായിരുന്നു ഇത്,” ജോസഫൈൻ പറഞ്ഞു. ഇക്കാര്യത്തിൽ നേതൃപരമായ പങ്ക് മോഹൻലാൽ വഹിക്കരുതായിരുന്നു.

അഭിനേതാക്കളുടെ സംഘടന അമ്മയെന്ന പേര് ഉപയോഗിക്കുന്നത് അനുചിതമാണെന്നും ആ പേര് ഇനിയവർക്ക് ചേരില്ലെന്നും വനിത കമ്മിഷൻ പറഞ്ഞു. ഇതിന് പുറമെ അമ്മയുടെ അംഗങ്ങളായ ഇടത് ജനപ്രതിനിധികൾക്കെതിരെയും എം.സി.ജോസഫൈൻ വിമർശനം ഉന്നയിച്ചു.

“മഞ്ജു വാര്യർ മൗനം വെടിഞ്ഞ് അഭിപ്രായം പറയാൻ തയ്യാറാകണം. ഈ വിഷയത്തിൽ ഇടത് എംപി ഇന്നസെന്റ്, എംഎൽഎ മുകേഷ് എന്നിവരുടെ നിലപാട് പാർട്ടി ഗൗരവത്തോടെ കാണണമെന്ന്,” എം.സി.ജോസഫൈൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ