ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തിനൊടുവിൽ പാലക്കാട് ജില്ല കിരീടം നേടി. പുലർച്ചെ അവസാനിച്ച മത്സരങ്ങളിൽ നിന്ന് ആകെ 930 പോയിന്റാണ് പാലക്കാട് സ്വന്തമാക്കിയത്. അതേസമയം, കോഴിക്കോടിന് 927 പോയിന്റ് ലഭിച്ചു.

തൃശ്ശൂർ ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. പ്രളയത്തെ തുടർന്ന് മൂന്ന് ദിവസമാക്കി ചുരുക്കിയ മത്സരങ്ങൾ മൂന്ന് ദിവസം കൊണ്ട് തന്നെ പൂർത്തിയാക്കാൻ സാധിച്ചത് തങ്ങളുടെ നേട്ടമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.

ഇക്കുറി സ്വർണ്ണ കിരീടം ഇല്ലാതെയാണ് മേള അവസാനിച്ചത്. പ്രളയ ദുരിതത്തിൽ നിന്ന് കേരളം കരകയറാത്തതിനാൽ സമാപന സമ്മേളനവും ഉണ്ടായില്ല. അടുത്ത വർഷം കാസർഗോഡാണ് സംസ്ഥാന കലോത്സവത്തിന് ആതിഥേയത്വം അരുളുക. നീണ്ട 28 വർഷത്തിന് ശേഷമാണ് കാസർഗോഡ് ജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ സംസ്ഥാന തല മത്സരങ്ങൾക്ക് വേദിയാകുന്നത്. മൂന്നു ദിവസം കൊണ്ട് മേള നടത്താൻ ആയതു നേട്ടം ആയെന്നു ഡിപിഐ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, പതിവ് പോലെ വിധികർത്താക്കൾക്കെതിരായി ഉയർന്ന പരാതികളാണ് മേളയുടെ നടത്തിപ്പിന് പേരുദോഷമായത്. വിദ്യാർത്ഥികളെ കലാ മത്സരങ്ങൾ പരിശീലിപ്പിച്ച അധ്യാപകർ പോലും മേളയിൽ വിധികർത്താവായി എത്തിയിരുന്നു.

ഇതിന് പുറമെ സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കവിത വിവാദത്തിൽ പെട്ട ദീപ നിശാന്തിനെ വിധി കർത്താവാക്കിയത് വിദ്യാഭ്യാസ വകുപ്പിന് കൂടുതൽ പ്രതിസന്ധിയുണ്ടാക്കി. ഒടുവിൽ ദീപയുടെ മൂല്യ നിർണയം റദ്ദാക്കി പകരം സന്തോഷ് എച്ചിക്കാനത്തെ കൊണ്ട് വീണ്ടും മൂല്യനിർണ്ണയം നടത്തിയാണ് വിദ്യാഭ്യാസ വകുപ്പ് പ്രശ്നം അവസാനിപ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ