തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സി.ക്ക് മഹാരാഷ്ട്രയിലെ ബാങ്കുകളിൽ നിന്ന് വായ്പ ലഭ്യമാക്കുമെന്ന് റിപ്പോർട്ട്. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യപ്രകാരം എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറാണ് ഇക്കാര്യത്തിൽ ഇടപെട്ടിരിക്കുന്നത്. വിവിധ ബാങ്കുകളിൽ നിന്ന് 1600 കോടി രൂപ ലഭ്യമാക്കുമെന്നാണ് വിവരം.

വായ്പ ലഭിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. മറ്റ് കാര്യങ്ങൾ തീരുമാനിക്കാൻ കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥർ ഉടൻ മുംബൈയിലേക്ക് പോകും. പ്രതിദിനം 2.61 കോടി രൂപയാണ് കെഎസ്ആർടിസി പലിശയിനത്തിൽ മാത്രം നൽകുന്നത്. ആറ് കോടി രൂപ പ്രതിദിന വരുമാനമുള്ള കോർപ്പറേഷന് ഇത് താങ്ങാവുന്നതിലും അധികമാണ്.

മഹാരാഷ്ടയിലെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്താൽ ഹ്രസ്വകാല വായ്പ കുടിശികകൾ അടച്ചുതീർക്കാമെന്നാണ് കോർപ്പറേഷന്റെ കണക്കുകൂട്ടൽ. ഇങ്ങിനെ വന്നാൽ തൊഴിലാളികൾക്ക് പ്രതിദിന വരുമാനത്തിൽ നിന്ന് തന്നെ ശമ്പളം നൽകാനാകും. ഇപ്പോൾ 4000 കോടിയാണ് കെ.എസ്.ആർ.ടി.സിയുടെ ആകെ കടം.

ഇത് തീർക്കാൻ കേരളത്തിലെ ബാങ്കുകളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. എന്നാൽ 13 ശതമാനം വരെയാണ് ബാങ്കുകൾ പലിശ ആവശ്യപ്പെട്ടത്. ഇതോടെ സർക്കാർ ഈ ശ്രമത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പത്ത് വർഷ കാലാവധിയിൽ പത്ത് ശതമാനത്തിൽ താഴെ പലിശയ്ക്ക് വായ്പ ലഭ്യമാക്കാനാണ് ഗതാഗത മന്ത്രിയുടെ ശ്രമം. ഇതിന് സംസ്ഥാന സർക്കാർ തന്നെ ഈട് നിൽക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ