തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ കാലത്തും സർക്കാരുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കൈമാറിയ ഭൂമിയുടെ ഓഡിറ്റിംഗ് നടത്താൻ റവന്യു വകുപ്പ് ആലോചിക്കുന്നു. തിരുവനന്തപുരം ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്റെ അരികുപററിയാണ് സംസ്ഥാനമൊട്ടാകെ ഇത്തരത്തിലൊരു നീക്കത്തിന് റവന്യു വകുപ്പ് മുന്നിട്ടിറങ്ങുന്നത്. ഇതിന് വിദ്യാഭ്യാസ-വ്യാവസായിക ആവശ്യങ്ങൾക്ക് നൽകിയ എല്ലാ ഭൂമികളുടെയും വിവരങ്ങൾ പരിശോധിക്കുമെന്നാണ് വിവരം.

സുരക്ഷാ വിഭാഗങ്ങൾക്ക് നൽകിയ ഭൂമിയുടെ കാര്യം പരിശോധിക്കപ്പെടില്ല. മറ്റ് ആവശ്യങ്ങൾക്ക് സംസ്ഥാനമൊട്ടാകെ നഗര ഹൃദയങ്ങളിലും മറ്റും നൽകിയ ഭൂമിയുടെ വിവരങ്ങൾ ഇപ്പോൾ സർക്കാർ പരിശോധിക്കുന്നുണ്ട്. ഇവ ആവശ്യം മാറ്റി ഉപയോഗിച്ചതായി കണ്ടെത്തിയാലോ, നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതായി കണ്ടെത്തിയാലോ ഭൂമി തിരിച്ചുപിടിക്കും.

കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെതടക്കം, സംസ്ഥാന സർക്കാർ കൈമാറിയ ഭൂമികൾ വിൽക്കാൻ ശ്രമം നടക്കുന്നതായി അറിവുണ്ട്. സംസ്ഥാനത്തിന് സ്വന്തം ആവശ്യങ്ങൾക്ക് ഭൂമി കണ്ടെത്താനാകാത്ത സ്ഥിതിയുള്ളപ്പോൾ, നഷ്ടം നികത്താൻ വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്ന ഈ നീക്കത്തെ തടയാനാണ് റവന്യ വകുപ്പിന്റെ നീക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ