തിരുവനന്തപുരം: ഓൺലൈൻ ടാക്സി സർവ്വീസ് പദ്ധതിയുമായി സംസ്ഥാന സർക്കാരും. യൂബർ, ഒല, ടാക്സി മാതൃകയിലാണ് വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് സ്വന്തം പദ്ധതി ആവിഷ്‌കരിക്കുന്നത്. തൊഴിൽ വകുപ്പിന് കീഴിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, മോട്ടോർ വാഹന വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ് എന്നിവർ ചേർന്നാണ് പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ സംസ്ഥാന ആസൂത്രണ ബോർഡാണ് ഇത് സംബന്ധിച്ച പദ്ധതി ആവിഷ്‌കരിച്ചത്. പിന്നീട് തൊഴിലാളി യൂണിയനുകളുടെ യോഗത്തിൽ ഇത് അവതരിപ്പിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ഈരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ആണ് സാങ്കേതിക സഹായം നൽകാൻ ചുമതലപ്പെടുത്തിയത്.
സംസ്ഥാനത്ത് മൂന്ന് പ്രധാന നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഈ പദ്ധതി ആലോചിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് പദ്ധതി തുടങ്ങുക. പദ്ധതി പിന്നീട് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും അതിന് ശേഷം എല്ലാ പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും.
കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാതാ വകുപ്പാണ് നേരത്തെ തടസരഹിതമായ യാത്രാസൗകര്യം ഏർപ്പെടുത്തണമെന്ന നിർദേശം സംസ്ഥാനങ്ങൾക്ക് മുന്നിൽ വച്ചത്. ഈ നിർദേശം പരിഗണിച്ചാണ് പുതിയ ടാക്സി സർവ്വീസ് എന്ന ആശയത്തിന് രൂപം നൽകിയിരിക്കുന്നത്.