കൊച്ചി: സംസ്ഥാനത്ത് ബാറുകൾ അടച്ചുപൂട്ടിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനം തിരുത്തി ഇടതുസർക്കാർ കൊണ്ടുവന്ന പുതിയ മദ്യനയം ഇന്ന് നിലവിൽ വരും. പക്ഷെ ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാൽ ബാറുകൾ തുറക്കാൻ സാധിക്കില്ല. ഞായറാഴ്ച മുതൽ ബാറുകൾ തുറന്ന് പ്രവർത്തിക്കും.

മുൻപ് അടച്ചുപൂട്ടിയ 400 ലധികം ബാറുകളിൽ 62 എണ്ണമാണ് ആദ്യ ഘട്ടത്തിൽ വീണ്ടും തുറക്കുന്നത്. ഇവയ്ക്ക് പുറമേ കൂടുതൽ അപേക്ഷകൾ സർക്കാരന്റെ പരിഗണനയിലാണ്. വരും ദിവസങ്ങളിൽ ഇവയ്ക്കും പ്രവർത്തനാനുമതി ലഭിക്കും.

പുതിയ മദ്യനയം നിലവിൽ വരുന്നതിന് മുന്നോടിയായി ഇന്നലെ മാത്രം 29 പുതിയ ബാർ ലൈസൻസുകൾ നൽകിയിട്ടുണ്ട്. ബാർ ലൈസൻസ് ലഭിച്ചവയിൽ ഒന്ന് പഞ്ചനക്ഷത്ര സൗകര്യങ്ങളോട് കൂടിയ ബാറാണ്. 24 പഞ്ചനക്ഷത്ര ബാറുകളാണ് ഇതുവരെ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. ഇത് 25 ആയി മാറി.

പുതിയ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ബാറുകൾ പ്രവർത്തിക്കുക എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം ജില്ലയാണ് തൊട്ടുപിന്നിൽ. ബാറുകൾക്ക് പുറമേ ബിയർ വൈൻ പാർലറുകൾ സംസ്ഥാനത്ത് കൂടുതലായി അനുവദിച്ചിട്ടുണ്ട്.

പുതിയ മദ്യനയം സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ നക്ഷത്ര ഹോട്ടൽ പദവി ലഭിക്കാനും നിരവധി പേരാണ് കാത്തിരിക്കുന്നത്. നാൽപ്പത് ഹോട്ടലുകളുടെ നക്ഷത്ര പദവിയിൽ സംസ്ഥാനം ഇതുവരെ തീരുമാനമെടുത്തിയിട്ടില്ല. നക്ഷത്ര പദവി പുന:സ്ഥാപിച്ച് കിട്ടാനാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

അതേസമയം തന്നെ സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന കള്ളുഷാപ്പുകളുടെ ലൈസൻസ് അടുത്ത ഒമ്പതുമാസത്തേക്ക് കൂടി നീട്ടിനൽകി. ഈ തീരുമാനവും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് ലൈസൻസുള്ള 5185 കള്ളുഷാപ്പുകളിൽ 3913 എണ്ണത്തിനാണ് ഈ തീരുമാനം ഉപകാരപ്പെടുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ