തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കാരണം നിർത്തിവച്ച കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ജൂലൈ ഒൻപതിന് വ്യാഴാഴ്ച പുനരാരംഭിക്കും. ജൂലൈ ആറിന് നടക്കാനിരുന്ന വിൻവിൻ – W 572 നറുക്കെടുപ്പ് ഒൻപതിന് നടക്കും. ഏഴിന് നറുക്കെടുക്കാനിരുന്ന സ്ത്രീ ശക്തി SS 217 പത്തിന് നടക്കും. എട്ടിന് നറുക്കെടുക്കാനിരുന്ന അക്ഷയ AK 453 പതിനൊന്നിന് നടക്കും. ഒമ്പതിന് നടക്കാനിരുന്ന കാരുണ്യ പ്ലസ് KN 324 പന്ത്രണ്ടിന് നറുക്കെടുക്കും. 10 ന് നടക്കാനിരുന്ന നിർമ്മൽ NR 181 ന്റെ നറുക്കെടുപ്പ് 19 ന് നടക്കും. 11 ന് നടക്കാനിരുന്ന കാരുണ്യ KR 456 ന്റെ നറുക്കെടുപ്പ് 26 നാണ്.

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണായതിനാൽ സ്ഥിരം നറുക്കെടുപ്പ് വേദിയായ ഗോർക്കി ഭവനിൽ നിന്ന് മാറ്റി നഗരപരിധിക്ക് പുറത്തുള്ള ആറ്റിങ്ങൽ ഗവ: ബിഎച്ച്എസിലാണ് ഈ നറുക്കെടുപ്പുകൾ നടക്കുക.

സമ്പർക്കത്തിലൂടെ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണു തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഇന്നു രാവിലെ ആറു മുതൽ ഏഴ് ദിവസത്തേക്കാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിൽ അടച്ചിടും. ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ അനുവദിക്കില്ല.

ഒരു എൻട്രി പോയിന്റും ഒരു എക്സിറ്റ് പോയിന്റും മാത്രം അനുവദിച്ച് പ്രദേശങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തനാനുമതിയുണ്ടെങ്കിലും സമയ പരിധി കുറയ്ക്കും. അവശ്യവവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാമെങ്കിലും കടകളിൽ പോകാൻ ആളുകളെ അനുവദിക്കില്ല. അവശ്യ വസ്തുക്കൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ അവ വീട്ടിലെത്തിക്കാൻ സൗകര്യമൊരുക്കും.

ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് അടക്കമുള്ള സ്ഥാപനങ്ങൾ അടച്ചിടും. കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക. പൊതുഗതാഗതം പൂർണമായും വിലക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.