തിരുവനന്തപുരം:​കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാും സെക്രട്ടേറിയേറ്റ് ജീവനക്കാരും ഉറച്ച നിലപാടുമായി മുന്നോട്ട്. ഇതിനായി സെക്രട്ടേറിയേറ്റ് ജീവനക്കാർ പണിമുടക്ക് നടത്തുകയാണ്. അതേസമയം ഓഫീസിലെത്തി ഒപ്പിട്ട ശേഷം സമരത്തിൽ പങ്കെടുക്കാൻ പോകുന്നവരുടെ ഇന്നത്തെ വേതനം നൽകേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറിക്ക് സർക്കാർ നൽകിയ നിർദ്ദേശം. ഇതിനായി പതിനൊന്ന് മണിക്ക് ശേഷം ഓരോ ഓഫീസിലെയും ഹാജർ നില സർക്കാർ എടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഒപ്പിട്ട് സമരത്തിൽ പങ്കെടുത്തവരുടെ ഇന്നത്തെ വേതനം റദ്ദാക്കും.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെയും വേതനത്തെയും ബാധിക്കാത്ത വിധത്തിൽ നടപ്പിലാക്കുമെന്ന സർക്കാർ ഉറപ്പ് അംഗീകരിച്ച്, സെക്രട്ടേറിയേറ്റിലെ സിപിഎം-സിപിഐ അനുകൂല സംഘടനകൾ സമരത്തിൽ നിന്ന് പിന്മാറി.

എന്നാൽ പ്രതിപക്ഷ സംഘടനകൾ ഇന്നലെ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിന്ന് പിണങ്ങി പോയി. ഇവരാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജീവനക്കാരുടെ താത്പര്യത്തിനനുസരിച്ച് സർക്കാരിന്റെ തീരുമാനം മാറ്റാൻ സാധിക്കില്ലെന്ന കർക്കശ നിലപാടിലാണ് ഇടതു സർക്കാർ. സമരക്കാർക്കെതിരെ ശിക്ഷാനടപടികളുമായി മുന്നോട്ട്പോകാനാണ് സർക്കാർ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശം.

കേരള സെക്രട്ടേറിയേറ്റ് അസോസിയേഷൻ, സെക്രട്ടേറിയേറ്റ് എംപ്ലോയീസ് സംഘ്, കേരള ഫിനാൻസ് സെക്രട്ടേറിയേറ്റ് അസോസിയേഷൻ എന്നീ സംഘടനകളാണ് സമരത്തിന്റെ മുന്നണിയിലുള്ളതെങ്കിലും സിപിഎം-സിപിഐ സംഘടനകളിലെ പ്രവർത്തകർ സമരത്തിന് പരോക്ഷ പിന്തുണ നൽകുന്നുണ്ട്. നിലവിൽ സെക്രട്ടേറിയേറ്റിലെ വിവിധ തസ്തികകളിലായി 2500 ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, സെക്ഷൻ ഓഫീസർ, സീനിയർ ഗ്രേഡ് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ ജീവനക്കാർക്കാണ് കെഎഎസ് ഭീഷണി ഉള്ളത്.

നേരത്തേ സമരത്തിൽ പങ്കെടുത്ത രണ്ട് കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയിരുന്നു. സംയുക്ത സമര സമിതി നിൽപ്പുസമരവുമായി മുന്നോട്ട് പോയപ്പോൾ നൂറോളം കേരള സെക്രട്ടേറിയേറ്റ് അസോസിയേഷൻ പ്രവർത്തകരെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തൊക്കെ സംഭവിച്ചാലും സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്നും പ്രതിഷേധിച്ച് സർക്കാരിന്റെ ഭരണവേഗം കുറയ്‌ക്കാൻ ശ്രമിക്കുന്നവർക്ക് കൂട്ടുനിന്നാൽ ശക്തമായ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടർന്നാണ് സിപിഎം അനുകൂല സംഘടനാ നേതാക്കൾ നിലപാട് മയപ്പെടുത്തിയത്. അതേസമയം കെഎഎസ് നടപ്പിലാക്കണമെന്ന നിലപാട് തന്നെയാണ് സി.പി.ഐ യ്ക്കും. എന്നാൽ ജീവനക്കാരുടെ ആശങ്കകൾ രമ്യതയിൽ പരിഹരിക്കണമെന്ന ആവശ്യം ഇവർ മുന്നോട്ട് വച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.