തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ഇടത്താവളങ്ങളിലെ സൗകര്യം വിപുലീകരിക്കാൻ സംസ്ഥാന സർക്കാർ നാലര കോടി രൂപ അനുവദിച്ചു. തദ്ദേശസ്വയംഭരണ വകുപ്പാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ  23 പഞ്ചായത്തുകള്‍ക്ക് 2 കോടി രൂപയും, 6 മുനിസിപാലിറ്റികള്‍ക്ക് 1 കോടി രൂപ വീതവും അനുവദിച്ചത്.

സ്‌പെഷ്യല്‍ ഗ്രാന്റായി 1.5 കോടിയും അനുവദിച്ചിട്ടുണ്ട്.  പെരിനാട്, എരുമേലി ഗ്രാമപഞ്ചായത്തുകള്‍ക്ക് 30 ലക്ഷം രൂപ വീതവും, വടശ്ശേരിക്കര പഞ്ചായത്തിന്  20 ലക്ഷം രൂപയും, കുഴനട ഗ്രാമപഞ്ചായത്തിന് 15 ലക്ഷം രൂപയും, പഴവങ്ങാടി, റാന്നി, അങ്ങാടി, നാറാണമൂഴി, സീതത്തോട്, ചെറുകോല്‍, അയിരൂര്‍, മുത്തോലി, എലിക്കുളം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പാറത്തോട്, കുമളി, പെരുവന്താനം, വണ്ടിപ്പെരിയാര്‍, പീരുമേട് പഞ്ചായത്തുകള്‍ക്ക് 5 ലക്ഷം രൂപം വീതവുമാണ് നല്‍കുക.

ചെങ്ങന്നൂര്‍, പത്തനംതിട്ട മുന്‍സിപാലിറ്റികള്‍ 25 ലക്ഷം വീതം നൽകും. പന്തളം മുനിസിപാലിറ്റിക്ക് 20 ലക്ഷം, തിരുവല്ല, ഏറ്റുമാനൂര്‍, പാല മുനിസിപാലിറ്റികള്‍ക്ക് 10 ലക്ഷം രൂപ വീതവും നല്‍കും.

ശബരിമലക്ക് ചുറ്റുമുള്ള 6 ഗ്രാമപഞ്ചായത്തുകള്‍ക്കും, ഗുരുവായൂര്‍ മുനിസിപാലിറ്റിക്കുമാണ്  സെപെഷ്യല്‍ ഗ്രാന്റ് ഇനത്തില്‍ ഒന്നര കോടി രൂപ നല്‍കാന്‍ ഉത്തരവായത്.  എരുമേലി, ചിറ്റാര്‍, റാന്നി-പെരുനാട്, വടശ്ശേരിക്കര, സീതത്തോട്, നാറണാമുഴി എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് 15 ലക്ഷം രൂപ വീതവും, ഗുരുവായൂര്‍ മുനിസിപാലിറ്റിക്ക് 25 ലക്ഷം രൂപയടക്കം 1 കോടി 15 ലക്ഷം രൂപയാണ്  സ്‌പെഷ്യല്‍ ഗ്രാന്റായി നല്‍കുന്നത്.

ഇടതാവളങ്ങള്‍ തീര്‍ത്ഥാടന സൗഹൃദ കേന്ദ്രങ്ങളാക്കാനാണ് പണം നൽകുന്നത്. ഇവിടങ്ങളിൽ കുടിവെളള സൗകര്യം ഏർപ്പെടുത്തുക, വൃത്തിയുളള ശുചിമുറികൾ ഒരുക്കുക, വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കാനും പണം ഉപയോഗിക്കാം.

മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കും ഈ തുക ഉപയോഗിക്കാം.ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രദാനം ചെയ്യുമെന്നും, ഇടതാവളങ്ങളുടെ ശുചിത്വം ഉറപ്പ് വരുത്തുമെന്നും  തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍  തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക് നല്‍കിയതായും മന്ത്രി കൂട്ടിചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.