തിരുവനന്തപുരം: സ്കൂളുകളിൽ ദേശീയ പതാക ഉയർത്താൻ സ്ഥാപന മേധാവികളായ പ്രധാന അധ്യാപകർക്ക് മാത്രം ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ്. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഓർഡിനൻസ് പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് പാലക്കാട് മൂത്താംതറ കർണ്ണകിയമ്മൻ സ്കൂളിലാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പതാക ഉയർത്തിയത്. കെഇആർ ചട്ടങ്ങൾ മറികടന്ന് കൊണ്ടാണ് ആർഎസ്എസ് മേധാവി സ്കൂളിൽ പതാക ഉയർത്തിയത്. ചട്ടലംഘനം നടന്നതായി പാലക്കാട് ജില്ലാ കലക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് വിവരം.

ദേശീയ ഗാനത്തിന് പകരം സ്കൂളിൽ വന്ദേമാതരം ആണ് ആലപിച്ചതെന്നും ഈ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. അതേസമയം ഓർഡിനൻസിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി എം.ടി.രമേശ് പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന സമയത്ത് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് പാലക്കാട് ഉണ്ട്. ഇത്തവണയും പാലക്കാട് മൂത്താംതറ കർണ്ണകിയമ്മൻ സ്കൂളിൽ മോഹൻ ഭാഗവത് തന്നെ പതാക ഉയർത്തുമെന്ന് നേരത്തേ തന്നെ നേതൃത്വം അറിയിച്ചിരുന്നു. അതേസമയം, എന്ത് സർക്കാർ ഉത്തരവ് വന്നാലും മോഹൻ ഭാഗവത് തന്നെ പതാക ഉയർത്തുമെന്ന് എംടി രമേശ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ