തിരുവനന്തപുരം: കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്തിക്കൊണ്ട് സ്വകാര്യ ഗ്രൂപ്പിന് കൈമാറാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ രവി പിള്ളയുടെ ബിസിനസ് ഗ്രൂപ്പുമായി വർഷങ്ങളായി നിലനിന്ന സിവിൽ തർക്കത്തിന് താത്കാലിക പരിഹാരമായി.

ഇന്ത്യ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി 2002 ലാണ് കോവളം കൊട്ടാരം കേന്ദ്രസർക്കാർ വിൽപ്പനയ്ക്ക് വച്ചത്. ആദ്യം ഗൾഫാർ ഗ്രൂപ്പും പിന്നീട് ലീലാ ഗ്രൂപ്പും ഹോട്ടൽ വാങ്ങി. ലീലാ ഗ്രൂപ്പിൽ നിന്ന് രവി പിള്ളയാണ് കൊട്ടാരം സ്വന്തമാക്കിയത്. രണ്ട് വർഷത്തിനിടെ മൂന്ന് തവണ കൈമാറ്റം ചെയ്യപ്പെട്ട ഹോട്ടൽ 2004 ൽ കേരള സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഏറ്റെടുത്തു.

2005ൽ ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും സംസ്ഥാന സർക്കാരിന്റെ ഉത്തരവ് തെറ്റാണെന്ന് വിധിച്ചു. ഭരണപരമായ ഉത്തരവ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതികൾ, കൊട്ടാരം ഹോട്ടലുടമകൾക്ക് തിരികെ നൽകാൻ വിധിക്കുകയായിരുന്നു.

കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുന്നതിനായി അറ്റോർണി ജനറലായ മുകുൾ റോത്തഗിയിൽ നിന്ന് സംസ്ഥാന സർക്കാർ അഭിപ്രായം തേടിയിരുന്നു. അപ്പീൽ പോയാൽ അനുകൂല തീരുമാനം ഉണ്ടാകില്ലെന്നാണ് ഇദ്ദേഹം സർക്കാരിന് നൽകിയ നിയമോപദേശം. കേസിൽ മുൻപ് ഹോട്ടലുടമകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് നിയമോപദേശം തേടിയത് തെറ്റാണെന്ന് വിഎസ് ഉൾപ്പടെയുള്ളവർ കുറ്റപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ