തിരുവനന്തപുരം: ഈ സാന്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സംസ്ഥാനം ചിലവഴിക്കാനുള്ളത് 13000 കോടി. തദ്ദേശ സ്ഥാപനങ്ങളിൽ 38.3 ശതമാനം മാത്രമാണ് പദ്ധതി അടങ്കൽ ചിലവഴിച്ചത്. കേന്ദ്രം ഈ വർഷം നൽകിയ പദ്ധതി വിഹിതത്തിന്റെ പാതിയോളം വരും ഇതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഈ വർഷം ആദ്യം സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് 24000 കോടി രൂപയാണ്. ഇത് കൂടാതെ 2500 കോടി പിന്നീട് ലഭിച്ചു. ഇതോടെ ആകെ പദ്ധതിവിഹിതം 26500 കോടിയായി. എന്നാൽ ഇതിൽ 12535 കോടി മാത്രമേ ഇതുവരെയായും ഉപയോഗിച്ചുള്ളൂവെന്ന് കണക്കുകൾ പറയുന്നു. ശേഷിച്ച 13465 കോടി രൂപ മുഴുവനായും അടുത്ത 13 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഉപയോഗിക്കാൻ സാധിക്കില്ല.

അതേസമയം തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച 5700 കോടിയിൽ വെറും 2100 കോടിയാണ് ഇതുവരെ ചിലവഴിച്ചിട്ടുള്ളത്. ശേഷിച്ച 3600 കോടി വരും ദിവസങ്ങളിൽ ചിലവഴിക്കണം. അതേസമയം കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് അനുവദിച്ച 6534 കോടിയിൽ 85 ശതമാനവും ചിലവഴിച്ചിട്ടുണ്ട്. ഇതാണ് പദ്ധതി വിഹിതം ഇത്രയും ഉയരാൻ കാരണം.

മാർച്ച് 27 ന് മുൻപ് ബില്ലുകൾ ഹാജരാക്കാൻ സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം ഉണ്ട്. ഇതിന് മുൻപ് ഭരണാനുമതി നേടിയ പദ്ധതികളുടെ വഹിതം ഇലക്ട്രോണിക് ലെഡ്‌ജറിലേക്ക് മാറ്റാനാകും. ഇത് പണമായി വകുപ്പുകൾക്ക് കൈവശം വയ്ക്കാനാവില്ലെന്നത് സംസ്ഥാന സർക്കാരിന് ഗുണം ചെയ്യും. എന്നാൽ പദ്ധതികളിലെ മെല്ലെപ്പോക്കിന് രണ്ട് കാരണങ്ങളാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. മെയ് അവസാനം വന്ന സർക്കാർ ബജറ്റ് അവതരിപ്പിച്ച് വന്നപ്പോഴേക്കും സമയം വൈകിയതും നോട്ട് നിരോധനം മൂലം പണം കൈമാറാൻ സാധിക്കാതെ വന്നതും പദ്ധതികളെ ബാധിച്ചെന്നാണ് വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ