തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേരള സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.

തൊഴിൽ വകുപ്പിന് കീഴിലെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ നിന്നാണ് തുക അനുവദിക്കുക. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് മാത്രമാണ് സാധാരണ ആനുകൂല്യത്തിന് അർഹതയുള്ളത്. എന്നാൽ അപകടത്തിൽ മരിച്ചവരുടെ കാര്യത്തിൽ പ്രത്യേക ഇളവ് നൽകി തുക ആശ്രിതർക്ക് അനുവദിക്കണമെന്ന് തൊഴിൽ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകുകയായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ പൊലീസിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കടലിൽ പോകുന്ന മത്സ്യതൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തിൽ ജാഗ്രത പുലർത്താൻ കോസ്റ്റൽ പോലീസ്, ഫിഷറീസ് വകുപ്പ് എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തോപ്പുംപടിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് ആംമ്പർ-എൽ എന്ന കപ്പൽ ഇടിച്ചത്. രണ്ടു മൽസ്യ തൊഴിലാളികൾ മരിച്ചു. ഒരാളെ കാണാതായിരുന്നു. മൂന്നുപേർക്ക് പരിക്കേറ്റു. തന്പിദുരൈ, രാഹുൽ എന്നിവരാണ് മരിച്ചത്. തന്പിദുരൈ കുളച്ചൽ സ്വദേശിയും രാഹുൽ അസം സ്വദേശിയുമാണ്. കാണാതായ മറ്റൊരാൾക്ക് വേണ്ടി അസം സ്വദേശിക്കായി തിരച്ചിൽ തുടരുകയാണ്.

ബോട്ടിലുണ്ടായിരുന്ന 14 മത്സ്യത്തൊഴിലാളികളിൽ 11 പേർ രക്ഷപ്പെട്ടു. പരുക്കേറ്റ മൂന്നു പേരെ ഫോർട്ട്കൊച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടു മണിക്ക് കൊച്ചി പുറം കടലിലായിരുന്നു അപകടം.

തോപ്പുംപടിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ കാർമൽ മാതാ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പുതുവൈപ്പിനിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്.

നേവിയും കോസ്റ്റുഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. ബോട്ടില്‍ ഇടിച്ച കപ്പല്‍ ലൈറ്റുകള്‍ ഓഫാക്കി അപകടസ്ഥലത്തുനിന്ന് കടന്നുവെന്ന് പരുക്കേറ്റ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. അതിനിടെ ബോട്ടില്‍ ഇടിച്ച കപ്പല്‍ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. പനാമയില്‍ റജിസ്റ്റര്‍ ചെയ്ത അംബര്‍ എന്ന ചരക്കുകപ്പലാണ് കണ്ടെത്തിയത്. അംബറിനെ നേവിയും തീരസംരക്ഷണ സേനയും ചേര്‍ന്ന് പിടിച്ചെടുത്തു.

2012 ഫെബ്രുവരി 15 ന് കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികൾ ഇറ്റാലിയൻ കപ്പലിൽ നിന്നുള്ള വെടിവയ്പ്പിൽ മരിച്ചിരുന്നു. എൻറിക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിൽ നിന്ന് വെടിയേറ്റ് കൊല്ലം സ്വദേശി വാലന്റൈൻ, കന്യാകുമാരി സ്വദേശി അജീഷ് പിങ്കു എന്നിവർ മരിച്ചത്. കടൽക്കൊള്ളക്കാരാണെന്ന് കരുതിയാണ് വെടിയുതിർത്തതെന്ന് പിന്നീട് ഇറ്റാലിയൻ നാവികരായ മാസിമിലിയാനോ, സാൽവത്തോറോ ജിറോൺ എന്നിവർ പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ