തിരുവനന്തപുരം: സംസ്ഥാനത്തെ എന്റോസൾഫാൻ ദുരിത ബാധിതർക്കുള്ള നഷ്ടപരിഹാരം മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 3500 ലധികം വരുന്ന എന്റോസൾഫാൻ രോഗബാധിതർ, ഇവരുടെ ആശ്രിതർ എന്നിവർക്കാണ് തുക അനുവദിച്ചിട്ടുള്ളത്.

എൻഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൂര്‍ണ്ണമായും കിടപ്പിലായ 257 പേര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ആകെ 5.14 കോടി രൂപയാണ് അനുവദിച്ചത്. ബുദ്ധിമാന്ദ്യം സംഭവിച്ച 1161 പേര്‍ക്ക് രണ്ടു ലക്ഷം വീതം ആകെ 23.22 കോടി രൂപ കൈമാറും. ശാരീരിക വൈകല്യം ബാധിച്ച 985 പേര്‍ക്ക് ഒരു ലക്ഷം വീതമാണ് വിതരണം ചെയ്യുന്നത്. ഇതിനായി ആകെ 9.85 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കാന്‍സര്‍ രോഗികളായ 437 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 4.37 കോടി രൂപയും മരണപ്പെട്ടവരുടെ ആശ്രിതരായ 709 പേര്‍ക്ക് രണ്ടു ലക്ഷം വീതവും അനുവദിക്കും. ആശ്രിതർക്ക് 14.18 കോടി രൂപയാണ് ആകെ അനുവദിക്കുക.

ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്കും, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും, മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും, ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് 3 ലക്ഷം രൂപ വീതവും ഗഡുക്കളായി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ആദ്യ രണ്ടു ഗഡുക്കള്‍ നേരത്തേ തന്നെ വിതരണം ചെയ്തിട്ടുണ്ട്. ബാക്കി വരുന്ന തുകയാണ് മൂന്നാം ഗഡുവായി അനുവദിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.