വിധു വിൻസെന്റിന് ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. കേരള സർക്കാറിന്റെ രണ്ട് പുരസ്കാരങ്ങളാണ് വിധു സംവിധാനം ചെയ്ത മാൻഹോളിനെ തേടിയെത്തിയിരിക്കുന്നത്. തോട്ടിപ്പണിക്കാരുടെ ജീവിതം പറഞ്ഞ മാൻഹോളിലൂടെ മികച്ച ചിത്രത്തിനുളള പുരസ്കാരവും മികച്ച സംവിധായികയുടെ പുരസ്കാരവുമാണ് വിധുവിന് കിട്ടിയത്. വിധുവിന്റെ ആദ്യ സംവിധാന സംരംഭമാണ് മാൻഹോൾ.

വിധുവിന്റെ സിനിമ ഒരു ചരിത്രമാണ്. ചരിത്രത്തിന്റെ വഴികളിൽ നിന്നും വിമോചിപ്പിക്കപ്പെടാതെ ഇന്നും തോട്ടിപ്പണി ചെയ്യേണ്ടി വരുന്നവരുടെ ജീവിതചിത്രമാണിത്. ഐക്യ കേരളത്തിന് മുമ്പ് കേരളത്തിലെത്തിക്കപ്പെട്ടരുടെ തലമുറ കേരളത്തിന് അറുപത് വയസ്സാകുന്ന കാലത്തും പഴയകാലത്തെ അവസ്ഥയിൽ തന്നെ തുടരുന്നുവെന്ന സാമൂഹികാവസ്ഥയുടെ ചിത്രീകരണമാണ് മാൻഹോൾ.

അവാർഡ് കിട്ടിയതിൽ വളരെ സന്തോഷമുണ്ടെന്ന് വിധു വിൻസെന്റ് പ്രതികരിച്ചു. ഇതുവരെ കാണാതെ പോയ കേൾക്കാതെ പോയ ശബ്ദത്തിന് സർക്കാർ നൽകിയ അംഗീകാരമാണിത്. ബജറ്റിൽ ധനമന്ത്രി പരാമർശിച്ചതാണ് ഏറ്റവും വലിയ പുരസ്കാരം. പത്ത് കോടി രൂപ തോട്ടിപ്പണി മുക്ത കേരളത്തിനായി വകയിരുത്തിയതും സന്തോഷം നൽകിയ കാര്യമാണ്. വനിതാ ദിനത്തോടനുബന്ധിച്ച് ഈ വളരെ അഭിമാനം തോന്നുന്നു. സിനിമയ്ക്ക് പിന്നിലുളള സ്ത്രീ ശ്രമങ്ങൾ കുറവാണ്. അങ്ങനെ നോക്കുമ്പോൾ വളരെ അഭിമാനം തോന്നുന്നു ഇങ്ങനെയൊരു പുരസ്കാരം കിട്ടിയതിൽ- വിധു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ