/indian-express-malayalam/media/media_files/uploads/2017/03/kammattippadam-manhole.jpg)
തിരുവനന്തപുരം: പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതങ്ങൾ അവാർഡുകൾ നേടി. പാർശ്വവത്കൃതരുടെ കഥ പറഞ്ഞ കമ്മട്ടിപ്പാടവും മാൻഹോളും ആറടിയും സംസ്ഥാന അവാർഡിൽ തിളങ്ങി. മലയാളിയുടെ സിനിമാ കാഴ്ചകളുടെ പൊതുബോധത്തെ അട്ടിമറിച്ചതായിരുന്നു മാൻഹോളും കമ്മട്ടിപ്പാടവും ആറടിയും. മലയാളിയുടെ കാഴ്ചയിൽ കണ്ടില്ലെന്ന് നടിച്ച കാഴ്ചകളിലേയ്ക്കാണ് ഈ ചിത്രങ്ങൾ മലയാളിയെ കൊണ്ടുപോയത്.
കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ വിനായകനും മണികണ്ഠനും മികച്ച നടന്മാർക്കുള്ള ആദ്യരണ്ട് അവാർഡുകളും യഥാക്രമം നേടി. അതുപോലെ തന്നെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ രജതചകോരം നേടിയ വിധു വിൻസെന്റ് സംസ്ഥാന അവാർഡും സ്വന്തമാക്കി. അതോടൊപ്പം തോട്ടിപ്പണി ചെയ്തു ജീവിക്കുന്നവരുടെ കഥ പറഞ്ഞ വിധുവിന്റെ മാൻഹോൾ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ഇ.സന്തോഷ് കുമാറിന്റെ ഒരാൾക്ക് എത്രമണ്ണ് വേണം എന്ന കഥയെ ആസ്പദമാക്കിയെടുത്ത ആറടി എന്ന സിനിമ പ്രത്യേക ജൂറി പരാമർശത്തിനർഹമായി.
എറണാകുളം നഗരത്തിലെ വികസനവളർച്ചയിൽ പറിച്ചെറിയപ്പെടുന്നവരുടെ ജീവിതം പറഞ്ഞ കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകനും മണികണ്ഠനും സിനിമയെത്തിയപ്പോൾ തന്നെ ജനഹൃദയങ്ങളിൽ ഇടം നേടിയിരുന്നു. ആ അഭിനയത്തികവിനെ തേടി അവാർഡെത്തിയപ്പോൾ​ ആർക്കും അത്ഭുതമുണ്ടായില്ല. പ്രതീക്ഷിത അവാർഡുകളാണ് വിനായകനും മണികണ്ഠനും നേടിയത്.
Read More: സംസ്ഥാന ചലച്ചിത്ര പുരസ്കാരം: വിനായകന്‍ മികച്ച നടന്‍
മാധ്യമപ്രവർത്തനത്തിൽ നിന്നും സിനിമരംഗത്ത് എത്തിയ വിധു വിൻസെന്റിന്റെ ആദ്യചിത്രമായ മാൻഹോൾ മലയാളിയുടെ ഔദ്യോഗിക വിശ്വാസങ്ങളെ അട്ടിമറിച്ചതാണ്. കേരളത്തിൽ​​ ഔദ്യോഗികമായി തോട്ടിപ്പണിയില്ലെന്ന വിശ്വാസത്തെയാണ് അവരുടെ യഥാർത്ഥ ജീവിതം പറഞ്ഞുകൊണ്ട് വിധു പൊളിച്ചെഴുതിയത്. മാധ്യമ പ്രവർത്തകയായിരിക്കെ മീഡിയാ വൺ ചാനലിൽ അരമണിക്കൂർ വാർത്താധിഷ്ഠിത പരിപാടിയായും പിന്നീട് ഡോക്യുമെന്ററിയായും ചെയ്ത വിഷയമായിരുന്നു മാൻഹോൾ എന്ന സിനിമയുടെ അടിസ്ഥാനമായത്. കൊല്ലം ജില്ലയിലെ തോട്ടിപ്പണി ചെയ്യുന്നവർ തന്നെ ഇതിൽ അഭിനേതാക്കളായെത്തി എന്ന പ്രത്യേകതയും ഈ​ സിനിമയ്ക്ക് ഉണ്ടായി.
Read More: പുരസ്‌കാര നിറവിൽ വിധു വിൻസെന്റും മാൻഹോളും
കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ രജതചകോരം നേടിയ വിധു, മലയാളത്തിൽ ആ അവാർഡ് നേടുന്ന ആദ്യ വനിതാ സംവിധായികയുമായി. കഴിഞ്ഞ ദിവസം ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലും വിധു വിൻസെന്റും മാൻഹോളും പരമാർശിക്കപ്പെട്ടിരുന്നു. കേരളത്തിലെ തോട്ടിപ്പണി മേഖല യന്ത്രവത്ക്കരിക്കാൻ പത്ത് കോടി രൂപ മാറ്റിവെയ്ക്കുമെന്ന പ്രഖ്യാപനത്തിന് വഴിയൊരുക്കിയതായിരുന്നു വിധുവിന്റെ ചലച്ചിത്രം. സജി പാലമേൽ സംവിധാനം ചെയ്ത ആറടി എന്ന ചിത്രത്തിന്റെ കഥയ്ക്ക് ഇ.സന്തോഷ് കുമാറിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. സന്തോഷ് കുമാറിന്റെ ഒരാൾക്ക് എത്രമണ്ണ് വേണം എന്ന കഥയാണ് ചിത്രമായത്.
Read More: 'എലി' പുലിയായി; മികച്ച നടിക്കുളള പുരസ്‍കാരനേട്ടം 'സ്വപ്നം പോലെ' എന്ന് രജിഷ വിജയന്‍
ഇങ്ങനെ പാാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് അവാർഡിലിടം കിട്ടി എന്നതാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ അവാർഡിനെ വ്യത്യസ്തമാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.