തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലേക്ക് താന്‍ നോമിനേറ്റ് ചെയ്യപ്പെട്ടതായി പോലും അറിയില്ലായിരുന്നെന്ന് രജിഷ വിജയന്‍. കേരളത്തിലെ ഏറ്റവും വലിയ പുരസ്കാരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഇത് സ്വപ്നമാണോ എന്നും പോലും തനിക്ക് തോന്നുന്നതായി രജിഷ പറഞ്ഞു.

സംവിധായകനായ ഖാലിദ് റഹ്‍മാന് നന്ദി അറിയിക്കുന്നതായും രജിഷ കൂട്ടിച്ചേര്‍ത്തു. അനുരാഗക്കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ എലി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് രജിഷയ്ക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. പുതുമുഖ നടി എന്ന യാതൊരു പതര്‍ച്ചയും കാണിക്കാതെ എലിസബത്ത് എന്ന ‘എലി’യെ മനോഹരമായാണ് രജിഷ അവതരിപ്പിച്ചത്. കഥാപാത്രത്തിന് പാകമായ മാനറിസത്തെ എടുത്തണിഞ്ഞ രജിഷയുടെ പ്രകടനം പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചേറ്റിയതാണ്.

അനുരാഗ കരിക്കിൻവെള്ളം എന്ന സിനിമയോളം പ്രേക്ഷകർക്ക് ഇഷ്‌ടമായിരിക്കുന്നു അതിലെ എലിയെന്ന എലിസബത്തിനെയും. ഇത്തിരി ബോൾഡായ കഥാപാത്രം ഇത്ര ലാളിത്യത്തോടെ ചെയ്ത പുതുമുഖങ്ങൾ അടുത്തകാലത്ത് മലയാളസിനിമയിൽ വിരളമാണ്. അപക്വമായ പെരുമാറ്റത്താൽ അസ്വസ്‌ഥയാക്കുന്ന എലിസബത്ത്, രണ്ടാം പകുതിയോടെ സവിശേഷ വ്യക്‌തിത്വം ഉള്ളവളാകുന്നു.

എലിയിലൂടെയാണ് അനുരാഗ കരിക്കിൻവെള്ളം പിന്നെ മുന്നോട്ട് പോകുന്നത്. സ്വാഭാവികമായ അഭിനയമുഹൂർത്തങ്ങളിലൂടെ എലിയായി മാറിയ രജിഷ വിജയന് അര്‍ഹിച്ചത് തന്നെയാണ് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ