തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ സംവിധായകനായ രാജീവ് രവിക്കും നിര്‍മ്മാതാവിനും എല്ലാവിധ നന്ദിയും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുരസ്കാരം പ്രതീക്ഷിക്കുന്ന മാനസികാവസ്ഥയിലായിരുന്നില്ല. കിട്ടിയതില്‍ വളരെയധികം സന്തോഷവുമുണ്ട്. ഗംഗ എന്ന കഥാപാത്രത്തിനായി നവമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും പ്രചരണം വന്നു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും വിനായകന്‍ പറഞ്ഞു.

കമ്മട്ടിപ്പാടത്തിലെ ഗംഗന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് പുരസ്കാരം. കമ്മട്ടിപ്പാടം എന്ന പ്രദേശം ഇന്നു കാണുന്ന കൊച്ചി നഗരമായതാണ് കമ്മട്ടിപ്പാടത്തിന്റെ പ്രമേയം. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മാണിക്യന്‍, ഷൗണ്‍ റോമി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കമ്മട്ടിപ്പാടത്തിനിപ്പുറം എത്രയോ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എവിടെയും വിനായകന്‍ മികച്ച നടനായില്ല. മികച്ച അഭിനയമാണെങ്കില്‍ പോലും സഹനടന്മാര്‍ക്ക് അവാര്‍ഡ് നല്‍കി പുതിയ ചരിത്രം സൃഷ്ടിക്കാന്‍ ആരും തയ്യാറായില്ല. എന്നാല്‍ അര്‍ഹിച്ച ബഹുമതി നല്‍കിയാണ് സംസ്ഥാനം വിനായകനെ ആദരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ