കൊച്ചി​: താരരാജക്കൻമാരെ മാത്രം അവർഡുകൾക്കായി പരിഗണിക്കുന്ന പതിവ് കാഴ്ചയ്ക്കല്ല കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്. സിനിമയെന്ന ആസ്വാദനകലയിൽ വ്യത്യസ്ഥകളും പുതുമയും സമ്മാനിച്ച യഥാർഥ പ്രതിഭകൾക്കുള്ള അംഗീകാരമാണ് ഇന്നത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനമെന്നാണ് പൊതുജനം പറയുന്നത്. അഭിനയ മികവ് കൊണ്ട് കമ്മട്ടിപ്പാടത്തെ ഗംഗയെന്ന കഥാപാത്രത്തെ അനശ്വരനാക്കിയ വിനായകൻ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായപ്പോൾ മലയാളികളുടെ ഹൃദയം നിറഞ്ഞു. താരപ്പകിട്ടില്ലാതിരുന്നിട്ടും വിനായകന്റെ പ്രകടനത്തെ മലയാളികൾ നെഞ്ചേറ്റുകയായിരുന്നു. അനുരാഗ കരിക്കിൻവെള്ളമെന്ന കോമേഷ്യൽ ചിത്രത്തിൽ എലീന എന്ന കഥാപത്രത്തെ അവതരിപ്പിച്ച രജീഷ വിജയൻ മികച്ച നടിക്കുള്ള പുരസ്കാരം നേടിയപ്പോൾ മലയാളികൾ ഞെട്ടിയില്ല. കാരണം രജീഷ എന്ന പുതുമുഖതാരമാണ് ആ കഥാപത്രത്തിന് ജീവനും ശക്തിയും നൽകിയത്.

അവാർഡ് പ്രഖ്യാപിച്ച ജൂറിച്ച് കൈയടിക്കണം എന്ന് ആവശ്യപ്പെടുന്നത് പ്രമുഖ താരങ്ങൾ തന്നെയാണ്. മമ്മൂട്ടിയും, ദുൽഖറും, ഗീതു മോഹൻ ദാസും, ലിജോ ജോസ് പല്ലിശ്ശേരിയും ജൂറിയുടെ പ്രഖ്യാപനത്തെ അഭിനന്ദിച്ചു.

സഹനടനായി മണികണ്ഠനെ തിരഞ്ഞെടുത്തപ്പോൾ മലയാളികൾ നെറ്റിചുളിച്ചില്ല, കാരണം അത്യുജ്ജ്വലമായ പ്രകടനമായിരുന്നു ബാലൻ എന്ന കഥാപാത്രത്തിലൂടെ മണികണ്ഠൻ ആചാരി കാഴ്ചവെച്ചത്. മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു കമ്മട്ടിപ്പാടത്തെ ബാലൻ ചേട്ടൻ. തീർന്നില്ല മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ മാൻഹോൾ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കലാസൃഷ്ടിയായിരുന്നു. ഈ ചിത്രത്തിന്റെ സംവിധായിക വിധു വിൻസെന്റാണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടിയത്.

സാധാരണക്കാരന്റെ ജീവതത്തെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ഓരോ നിമിഷങ്ങളും മനോഹരമായി ചിത്രീകരിച്ച ദിലീഷ് പോത്തന്റെ ചിത്രം തന്നെയാണ് ജനപ്രിയ ചിത്രമെന്നതിൽ തർക്കമില്ല. ശബ്ദമിശ്രണത്തിനും ഛായഗ്രഹണത്തിനുമുൾപ്പടെ അഞ്ചു അവാർഡുകൾ നേടിയ കാട് പൂക്കുന്ന നേരവും അർഹിച്ച നേട്ടം തന്നെയാണ് കൊയ്തത്.ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ