പത്തനംതിട്ട: ബിജെപി സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്നതിലെ ഭിന്നത മൂർച്‌ഛിച്ച സാഹചര്യത്തിൽ ഇനി ഒത്തുതീർപ്പ് വേണ്ടെന്ന് ആർഎസ്എസ്. ഇതേ തുടർന്ന് സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായി താത്കാലികമായി സഹകരണം വേണ്ടെന്നും ആർഎസ്എസിന്റെ വാർഷിക യോഗത്തിൽ ധാരണയായി.

അടൂരിൽ രണ്ടു ദിവസമായി നടന്ന ആർഎസ്എസ് വാർഷിക യോഗത്തിലാണ് തീരുമാനം. ബിജെപിയും അമിത് ഷായുമായി ഇനി ഒത്തുതീർപ്പു വേണ്ടെന്ന കടുത്ത നിലപാട് ഒരു വിഭാഗം കൈക്കൊണ്ടു. കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു പിൻവലിച്ചതാണു ഭിന്നതയ്‌ക്കു കാരണം.

ആർഎസ്എസിനോട് ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച്, ബിജെപി ജനറൽ സെക്രട്ടറിമാരായി നിയോഗിച്ചിരിക്കുന്ന എം.ഗണേശൻ, കെ.സുഭാഷ് എന്നിവരെ പിൻവലിക്കണമെന്നാണ് യോഗത്തിൽ ആവശ്യം ഉയർന്നത്. എന്നാൽ പരിവാർ സംഘടനകളിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടവരാണ് ആർഎസ്എസ് എന്നും പ്രശ്‌നം വഷളാക്കരുതെന്നും മറുവിഭാഗം നിലപാടെടുത്തു.

പ്രശ്‌നത്തിൽ സർസംഘ ചാലക് മോഹൻ ഭഗവത് ഇടപെടുമെന്നു സൂചനയുണ്ട്. രണ്ടു ദിവസമായി നടന്ന നേതൃയോഗം ബിജെപി ഒഴികെ മുഴുവൻ പരിവാർ സംഘടനകളുടെയും വാർഷിക പദ്ധതികൾ ചർച്ച ചെയ്‌തു. ഇതിനിടെ നാളെ എത്തുന്ന ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തിയേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.