തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ആഗോള വിപണിയിലേക്ക്. പത്തു സംരഭങ്ങളില്‍ ആഗോള നിക്ഷേപത്തിനു വഴിയൊരുങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാരസ്ഥാപനങ്ങളുമായി 15 സ്റ്റാര്‍ട്ടപ്പുകള്‍ ബന്ധമുണ്ടാക്കും. ദുബായില്‍ നടക്കുന്ന ആഗോള സാങ്കേതിക സമ്മേളനമാണു കേരള സ്ഥാപനങ്ങള്‍ക്കു പുതുവഴി തുറന്നത്.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍(കെഎസ്‌യുഎം) നേതൃത്വത്തില്‍ 18 സംരഭങ്ങളാണു ദുബായില്‍ നടക്കുന്ന ജൈടെക്‌സ് സാങ്കേതികവിദ്യാ വാരത്തില്‍ പങ്കെടുക്കുന്നത്. പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപത്തിനും ബിസിനസ് വിപുലീകരിക്കാന്‍ പ്രയോജനപ്പെടുന്ന മെന്റര്‍ഷിപ്പിനുമുള്ള അവസരങ്ങള്‍ തുറന്നുകിട്ടി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളും ഫണ്ട് ഡയറക്ടര്‍മാര്‍ കെഎസ് യുഎം പവിലിയനിലെത്തി സ്റ്റാര്‍ട്ടപ് ടീമുകളുമായി ചര്‍ച്ച നടത്തി. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണി തുറക്കാനുള്ള അവസരങ്ങളാണ് ഈ ചര്‍ച്ചയിലൂടെ തെളിഞ്ഞത്.

Read Also: ആധുനിക സാങ്കേതികവിദ്യാ മേഖലകളിൽ കെെകോർത്ത് കേരളവും ബഹ്‌റൈനും

ലോകത്തിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള ആയിരത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്ത മത്സരങ്ങളില്‍ കേരളത്തിലെ സംരഭകർ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. ബ്ലോക്‌ചെയിന്‍, നിര്‍മിത ബുദ്ധി, വിര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്‌സ് തുടങ്ങിയ വിപ്ലവകരമായ സാങ്കേതികവിദ്യകളില്‍ സംസ്ഥാനത്തെ പുതു സംരംഭങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായി.

ഇതാദ്യമായാണു കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ശക്തവും വൈവിധ്യവുമായ സാന്നിധ്യം ജൈടെക്‌സില്‍ തെളിയിച്ചത്. ജൈടെക്‌സിലെ ഫ്യൂച്ചര്‍ സ്റ്റാര്‍സ് വേദിയിലും കേരള സംരഭങ്ങള്‍ തിളങ്ങി. ഫ്യൂച്ചര്‍ ട്രാവല്‍ മത്സരത്തില്‍ ട്രാവല്‍സ്‌പോക്കും സൂപ്പര്‍നോവ ചാലഞ്ചില്‍ എംബ്രൈറ്റും ഫൈനലിലെത്തി. സൂപ്പര്‍നോവ വിഭാഗത്തില്‍ ട്രാവല്‍സ് പോക്, ട്രെസെരിസ്, ഗ്ലോബ്‌ടെക് എന്നിവ സെമിയിലും കടന്നു.

ഫിന്‍ടെക്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി എന്നീ മേഖലകളിലെ സഹകരണത്തിനു ബഹ്‌റിന്‍ ഇക്കണോമിക് ഡെവലപ്‌മെന്റുമായി കെഎസ്‌യുഎം ധാരണാപത്രം കൈമാറി. ഗവേഷണ സ്ഥാപനങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധം സ്ഥാപിക്കാന്‍ ഈ ധാരണാപത്രത്തിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കു കഴിയും. കെഎസ്‌യുഎം രൂപം നല്‍കിയ വിപണി ബന്ധിത പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.