തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതം എല്ലാ മേഖലകളിലും നിലനില്‍ക്കുന്നതിനിടെ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ആരോഗ്യ മേഖലാ സ്റ്റാര്‍ട്ടപ്പായ സസ് കാന്‍ മെഡിടെക് പ്രൈവറ്റ് ലിമിറ്റഡിന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണികോണ്‍ ഇന്ത്യ വെഞ്ച്വേര്‍സിന്റെ നിക്ഷേപം ലഭിച്ചു.
സ്വകാര്യനിക്ഷേപം സ്റ്റാര്‍ട്ടപ് മേഖലയിലേയ്ക്ക് ആകര്‍ഷിച്ച് സംരംഭങ്ങള്‍ക്ക് നല്‍കുകയും പരിമിതമായ തോതില്‍ മാത്രം നിക്ഷേപം കെഎസ് യുഎം നിലനിര്‍ത്തുകയും ചെയ്യുന്ന സംവിധാനമായ ഫണ്ട് ഓഫ് ഫണ്ട് പ്രോഗ്രാമിലൂടെയാണ് വെളിപ്പെടുത്താത്ത തുക നിക്ഷേപമായി ലഭിച്ചിരിക്കുന്നത്. യൂണികോണ്‍ ഇന്ത്യ, വെഞ്ച്വേര്‍സ് ഇക്യുറ്റി ഫണ്ട് എന്നിവയാണ് സ്റ്റാര്‍ട്ടപ്പിലേക്ക് ആദ്യ നിക്ഷേപം നടത്തിയത്.
Read Also: കോവിഡ്-19: സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെ
രോഗനിര്‍ണയത്തിനായി സംയോജിത ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ പരിഹാരങ്ങള്‍ വികസിപ്പിക്കുന്ന നൂതന സ്റ്റാര്‍ട്ടപ്പാണ് 2015 ല്‍ ഡോ. സുഭാഷ് നാരായണന്‍ തുടക്കമിട്ട സസ് കാന്‍ മെഡിടെക്. വായിലെ അര്‍ബുദ നിര്‍ണയത്തിനായി പൂര്‍ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ഓറല്‍സ്‌കാന്‍ എന്ന ഉപകരണം വിപണിയിലെത്തിക്കുന്നതിനുള്ള ദൗത്യത്തിലാണ് ഇപ്പോള്‍ ശ്രദ്ധയൂന്നിയിരിക്കുന്നത്. ഗര്‍ഭാശയമുഖ അര്‍ബുദ നിര്‍ണയ ഉപകരണവും നേരത്തെ വികസിപ്പിച്ചിട്ടുണ്ട്.

ടാബ്ലെറ്റ് ആപ്ലിക്കേഷനിലൂടെ ചിത്രങ്ങള്‍ പകര്‍ത്തി ക്ലൗഡ് ആപ്ലിക്കേഷനിലേക്ക് അയക്കുന്ന ക്യാമറ ഉള്‍പ്പെടുന്ന കൈയ്യിലൊതുങ്ങുന്ന ഉപകരണമടങ്ങുന്നതാണ് ‘ഓറല്‍സ്‌കാന്‍’ സാങ്കേതികവിദ്യ. ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പരമ്പരാഗത സങ്കേതങ്ങളെക്കാള്‍ വളരെ കൃത്യതയോടെ അര്‍ബുദത്തിന്റെ പ്രാരംഭഘട്ടങ്ങളിലുള്ള ടിഷ്യുകളിലെ രൂപവും ജൈവരാസമാറ്റവും ആപ്ലിക്കേഷന്‍ കണ്ടെത്തുന്നു. ടിഷ്യു ബയോപ്‌സിക്കുവേണ്ട ശരീരഭാഗത്തെ കൃത്യതയോടെ ഇത് തിരിച്ചറിയുകയും ചെയ്യുന്നു.
Read Also: പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി
വളരുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളോട് ദൃഢമായ പ്രതിബന്ധതയാണുള്ളതെന്ന് യൂണികോണ്‍ ഇന്ത്യ വെഞ്ച്വേര്‍സ് മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി പറഞ്ഞു. “നൂതനമായ ആശയങ്ങളില്‍ അധിഷ്ഠിതമായ സംരംഭങ്ങളെയാണ് നിരീക്ഷിക്കുന്നത്. ഇതിനനുസരിച്ചാണ് ആദ്യ നിക്ഷേപവും പ്രഖ്യാപിച്ചിരിക്കുന്നത്. അര്‍ബുദത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ നിര്‍ണയിക്കുന്ന വിവിധ ഉപകരണങ്ങളും പ്രതിവിധികളും സസ് കാന്‍ മെഡിടെക് നിര്‍മ്മിക്കുന്നുണ്ട്. അര്‍ബുദ നിര്‍ണയ വേദന കുറയ്ക്കുന്നതും മുന്‍ നിര്‍ണയത്തിലുള്ള വളരെ കൃത്യതയുമാണ് ഈ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിക്കുന്നതിനുള്ള ആകര്‍ഷക ഘടകങ്ങള്‍,”
അദ്ദേഹം വ്യക്തമാക്കി.
ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ ബയോമെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ഇന്‍കുബേഷനായ ടിമെഡിലാണ് സസ്‌കാന്‍ മെഡിടെക് ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്. കെഐഐടി-ടിബിഐ, ടിമെഡ്-എസ്സിടിഐഎംഎസ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള ധനസഹായങ്ങളും സസ് കാന്‍ മെഡിടെക്കിന് ലഭിച്ചിട്ടുണ്ട്.