കൊച്ചി: സംസ്ഥാന സർക്കാരിന്റെ രണ്ടര വർഷക്കാലത്തെ 600 ഭരണമുഹൂർത്തങ്ങളുടെ ചിത്രങ്ങൾ ഉൾക്കൊളളിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഛായാചിത്രം സമ്മാനിച്ചു. കൊച്ചി സ്റ്റാർട്ടപ് മിഷനിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിന്റെ ഉദ്ഘാടന ചടങ്ങിൽ വച്ചാണ് മുഖ്യമന്ത്രിക്ക് ഈ ഉപഹാരം നൽകിയത്.

കേരള സ്റ്റാർട്ടപ്പ് മിഷനിൽ പ്രവർത്തിക്കുന്ന റിയാഫൈ ടെക്നോളജീസ് ആണ് ചിത്രം നിർമ്മിച്ചത്. തങ്ങൾ വികസിപ്പിച്ചെടുത്ത ആർട്ടിഫിഷൽ ഇന്റലിജൻസ് ടെക്നോളജിയായ മാജിക് വാളിന്റെ സഹായത്തോടെയാണ് 600 ലേറെ ചിത്രങ്ങൾ ഉൾക്കൊളളിച്ച് ഇത് തയ്യാറാക്കിയത്.

മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം, മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ നടന്ന കൂടിക്കാഴ്ച, രാഷ്ട്രപതിയുടെ കേരളാ സന്ദർശനം, 48ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, സ്വാതന്ത്ര്യ ദിന പരേഡ് തുടങ്ങി നിരവധി പരിപാടികളിൽ മുഖ്യമന്ത്രിയുടെ ചിത്രങ്ങളാണ് ഉൾക്കൊളളിച്ചത്.

ക്യാൻവാസ് പേപ്പറിലാണ് ചിത്രം പ്രിന്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ചിത്രത്തിലേക്ക് അതിന്റെ കളർ സ്കീം അനുസരിച്ച് 600 ചിത്രങ്ങളും മാജിക് വാൾ എന്ന സോഫ്റ്റുവെയർ പതിപ്പിക്കും. “കറുപ്പ് നിറം കൂടുതലുളള ചിത്രങ്ങൾ മുടിയുടെ ഭാഗത്താവും. മുഖ്യമന്ത്രിയും വസ്ത്രം വെളളയായതിനാൽ ആ നിറത്തിന് അനുയോജ്യമായ ചിത്രങ്ങൾ മാജിക് വാൾ അവിടെ സ്ഥാപിക്കും. വിവാഹം പോലുളള ആഘോഷ പരിപാടികളിൽ എല്ലാ ചിത്രങ്ങളും ഉൾക്കൊളളിച്ച് വലിയ ഒരു ഡിജിറ്റൽ ആർട് വർക്കാണ് മാജിക് വാളിലൂടെ ഉദ്ദേശിച്ചത്,”  മാജിക് വാൾ ബിസിനസ് ഹെഡും റിയാഫൈ ടെക്നോളജീസിന്റെ സഹസ്ഥാപകനുമായ ജോസഫ് ബാബു ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ