scorecardresearch
Latest News

ഗോളടിച്ച് മന്ത്രിയും സഹലും; ‘ഗോള്‍’പദ്ധതിക്ക് തുടക്കം

അഞ്ചു ലക്ഷം വിദ്യാർഥികൾക്കു ഫുട്ബോൾ പരിശീലനം നല്‍കാൻ ലക്ഷ്യമിടുന്നതാണു ഗോൾ പദ്ധതി

ഗോളടിച്ച് മന്ത്രിയും സഹലും; ‘ഗോള്‍’പദ്ധതിക്ക് തുടക്കം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഫുട്ബോള്‍ പരിശീലന പരിപാടിയായ ‘ഗോള്‍ പദ്ധതി’ ലോക ചരിത്രത്തില്‍ തന്നെ മഹാ സംഭവമായി മാറിയിരിക്കുകയാണെന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍. അഞ്ചു ലക്ഷം പേര്‍ക്കു പരിശീലനം നല്‍കുന്നതിലൂടെ ലോകത്ത് തന്നെ ഒരു സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിച്ചു നടത്തുന്ന ഫുട്ബോള്‍ പരിശീലനമാണിതെന്നും മന്ത്രി പറഞ്ഞു. ഗോള്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കടയിരിപ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആയിരം കേന്ദ്രങ്ങളിലായി ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ വീതമുള്ള അഞ്ച് ഘട്ടങ്ങളിലായാണ് ഗോള്‍ പദ്ധതിയില്‍ പരിശീലനം നല്‍കുന്നത്. ഇതില്‍നിന്നു തിരഞ്ഞെടുക്കുന്ന 100 കായിക പ്രതിഭകള്‍ക്കു പഠന ചെലവ്, താമസം, വിദേശ പരിശീലകരുടെ നേതൃത്വത്തിലുള്ള പരിശീലനം തുടങ്ങിയവ നല്‍കി മികച്ച ഫുട്ബോള്‍ താരങ്ങളായി വാര്‍ത്തെടുക്കുകയാണു ലക്ഷ്യംവയ്ക്കുന്നത്. ഐ.എം വിജയന്‍, ജോപോള്‍ അഞ്ചേരി, യു ഷറഫലി, തോബിയാസ്, വി പി സാലി തുടങ്ങിയ ഫുട്ബോള്‍ താരങ്ങളാണു നേതൃത്വം നല്‍കുന്നത്.

സ്‌കൂളിലെ ഇന്‍ഡോര്‍ മൈതാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പന്ത് തട്ടിയായിരുന്നു മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. മന്ത്രി ഷൂട്ടറായും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പി വി ശ്രീനിജന്‍ എം എല്‍ എ ഗോള്‍കീപ്പറായും മാറിയതോടെ ചടങ്ങ് ആവേശത്തിനു വഴിമാറി. വന്‍ കരഘോഷത്തിനിടെ മന്ത്രി വി.അബ്ദുറഹിമാന്‍ എടുത്ത കിക്ക് കൃത്യമായി വല കുലുക്കി.

രണ്ടാമത്, മിന്നുംതാരം കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഊഴമായിരുന്നു. ആദ്യ ഷോട്ട് പി വി ശ്രീനിജിന്‍ എം.എല്‍.എ തടുത്തെങ്കിലും റീബൗണ്‍സ് ചെയ്ത ബോള്‍ സഹല്‍ കൃത്യമായി വലയിലെത്തിച്ചു. രണ്ടു ഗോള്‍ വീണതിന്റെ വാശിയില്‍ പോരാടാനിറങ്ങിയ എം.എല്‍.എയ്ക്കു മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ പിന്നീട് വന്നവര്‍ക്കു കഴിഞ്ഞില്ല. മറ്റുള്ളവരുടെ ഷോട്ടുകള്‍ അദ്ദേഹം ഗംഭീരമായി തടുത്തു.

90 കഴിഞ്ഞിട്ടും കാല്‍പ്പന്ത് കളിയോടുള്ള സ്നേഹം നെഞ്ചേറ്റുന്ന മുന്‍ ദേശീയ അന്തര്‍ദേശീയ താരവും പരിശീലകനുമായ റൂഫസ് ഡിസൂസ, മുന്‍ ദേശീയ ഫുട്ബോള്‍ താരവും ഗോള്‍ പദ്ധതി അംബാസിഡറുമായ പി പി തോബിയാസ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ മേഴ്സി കുട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിക്കു ഹരം പകര്‍ന്നു. സര്‍വം ഫുട്ബോള്‍ മയമായിരുന്ന ചടങ്ങിലെത്തിയ പ്രമുഖരെ പന്ത് നല്‍കിയായിരുന്നു അധികൃതര്‍ സ്വീകരിച്ചത്.

20 ലക്ഷം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് 20 ലക്ഷം ഗോളടിപ്പിക്കുന്ന പദ്ധതിയിലൂടെ ഗിന്നസ് ബുക്കില്‍ ഇടം തേടാനും ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടു കോടി ഗോള്‍ അടിപ്പിക്കുന്ന പരിപാടിയും കായിക വകുപ്പ് വിഭാവനം ചെയ്തിട്ടുണ്ട്. കേരള കായിക ക്ഷമതാ മിഷനിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും ശാരീരിക ക്ഷമതയുള്ളവരാക്കി മാറ്റുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala starts goal project to provide football training for five lakh students