scorecardresearch
Latest News

കരുതലോടെ കുട്ടികള്‍ സ്കൂളിലേക്ക്; സംസ്ഥാനത്ത് ഇന്ന് പ്രവേശനോത്സവം

സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ഫൊട്ടോ: നിതിന്‍ കൃഷ്ണന്‍
ഫൊട്ടോ: നിതിന്‍ കൃഷ്ണന്‍

തിരുവനന്തപുരം: കോവിഡ് മഹാമാരിമൂലമുണ്ടായ നീണ്ട രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണ അധ്യയന വര്‍ഷത്തിലേക്ക്. 43 ലക്ഷം വിദ്യാര്‍ഥികളായിരിക്കും ഇന്ന് മുതല്‍ സ്കൂളുകളിലേക്ക് എത്തുക.

പാഠപുസ്തക വിതരണം ഏകദേശം 90 ശതമാനത്തോളം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. സ്കൂളുകളുടെ ഫിറ്റ്നസ് സംബന്ധിച്ചുള്ള പരിശോധനകളും പൂര്‍ത്തിയാക്കേണ്ടതായുണ്ട്. വഴുതക്കാടുള്ള കാഴ്ചപരിമിതർക്കായുള്ള സർക്കാർ സ്കൂളിലും ഇന്ന് തന്നെ പ്രവേശനോത്സവമുണ്ടാകും.

സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കുട്ടികളെ മാസ്‌ക് ധരിപ്പിച്ച് മാത്രം സ്‌കൂളിലേയ്ക്കയ്ക്കുക. രോഗലക്ഷണങ്ങളുള്ളവര്‍ ആരും തന്നെ സ്‌കൂളില്‍ പോകരുത്.

കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ദിവസവും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാന്‍ ശേഷിക്കുന്ന 12 വയസിന് മുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണം. പകര്‍ച്ച വ്യാധികളുടെ കാര്യത്തിലും ശ്രദ്ധ വേണമെന്നും നിര്‍ദേശമുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനല്‍കുന്ന വിധത്തില്‍ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി അനില്‍കാന്തും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരത്തുകളില്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. സ്കൂള്‍ ബസുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.

സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് പോലീസിന്‍റെയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെയും സേവനം ലഭ്യമാക്കും. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങള്‍ ഇല്ലെന്നും സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.

സ്കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന്, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്കൂള്‍ പരിസരങ്ങളിലെ പിടിച്ചുപറി, മോഷണം എന്നിവയ്ക്കെതിരെ നിരീക്ഷണം ശക്തമാക്കും.

കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേകശ്രദ്ധ പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുളളവരുടെ സഭ്യമല്ലാത്ത പ്രവൃത്തികള്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും.

Also Read: 2022 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 8.7 ശതമാനം, ജനുവരി-മാർച്ച് പാദത്തിൽ 4.1 ശതമാനം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala starts academic year on june 1st after two years