തിരുവനന്തപുരം: വിവാദമായ എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ചോദ്യേപേപ്പർ തയാറാക്കിയ അദ്ധ്യാപകന് എതിരെ നടപടി എടുക്കാനും തീരുമാനം എടുത്തു. വിവാദമായ പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പുതിയ പരീക്ഷ ഈ മാസം 30 ന് ഉച്ചയ്ക്ക് 1.30 നടത്തും. അന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 31 ലേക്ക് മാറ്റി. എന്നാല്‍ മാര്‍ച്ച് 30ന് തന്നെയാണ് മോട്ടാര്‍വാഹന പണിമുടക്കും പ്രഖ്യാപിച്ചിരിക്കുന്ന്ത്. അതുകൊണ്ട് തന്നെ പരീക്ഷാ തീയതി ഇനിയും നീണ്ടു പോകാന്‍ സാധ്യതയുണ്ട്.

എസ്എസ്എൽസി കണക്ക് പരീക്ഷയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പുള്ളതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. കണക്ക് പരീക്ഷക്ക് വിദ്യാർത്ഥികളെ വെള്ളം കുടിപ്പിക്കുന്ന തരത്തിൽ ചോദ്യപേപ്പർ തയാറാക്കിയതിന് എതിരെയാണ് വ്യാപക പരാതികൾ ഉയർന്നത്. ഈ വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വിളിച്ച് ചേർത്ത യോഗത്തിലാണ് ആരോപണങ്ങളിൽ കഴമ്പുള്ളതായി സ്ഥിഥീകരിച്ചത്. മലപ്പുറത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകൻ തയാറാക്കിയ 13 ചോദ്യങ്ങളാണ് വിവാദമായത്.

Read More: മാർച്ച് 30ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്

കണക്ക് പരീക്ഷയ്ക്കായി ചോദ്യപേപ്പർ തയാറാക്കിയ അദ്ധ്യാപകന് എതിരെ ഉയർന്ന ആരോപണം യോഗം ശരിവെച്ചു. ഇയാൾക്ക് സ്വകാര്യ സ്ഥാപനവുമായി ബന്ധുമുണ്ടെന്നും ഇയാൾ ആ സ്ഥാപനത്തിനായി ക്ലാസ് എടുക്കാറുണ്ടെന്നും കണ്ടെത്തി. എസ് എസ് എൽ സി കണക്ക് പരീക്ഷക്ക് വിദ്യാർത്ഥികളെ വിഷമിപ്പിക്കുന്ന തരത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. കമ്മീഷൻ ഇത് സംബന്ധിച്ച് സർക്കാരിനോടും വിശദീകരമണം തേടിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കണക്ക് പരീക്ഷ നടന്നത്.

കണക്ക് ചോദ്യപേപ്പറിൽ ചോദ്യ കർത്താവ് തന്റെ പ്രതിഭാ പരീക്ഷണമാണ് നടത്തിയതെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ പി.കെ.രാജു ചൂണ്ടികാണിച്ചിരുന്നത്. പ്രസ്തുത അധ്യാപകനെ കരിമ്പട്ടികയിൽ പെടുത്തണമെന്നും കുട്ടികളെ വെള്ളം കുടിപ്പിച്ച അധ്യാപകന്റെ മനോനില മെഡിക്കൽ ബോർഡിനെ കൊണ്ട് പരിശോധിപ്പിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ