പെരാമ്പ്ര: ഇന്നലെ നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡരികിൽ നിന്ന് കിട്ടിയത് വിവാദമായി. കോഴിക്കോട് കായണ്ണ ഗവ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് തിരുവനന്തപുരത്തേക്ക് അയക്കാൻ സ്കൂൾ അസിസ്റ്റന്റിന്റെ കൈവശം കൊടുത്തുവിട്ട ഉത്തരക്കടലാസുകളാണ് റോഡരികിൽ നിന്ന് നാട്ടുകാരിലൊരാൾക്ക് ലഭിച്ചത്.

മലയാളം, സംസ്കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ കെട്ടുകളാണ് കായണ്ണ സ്കൂളിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുളള കുറ്റിവയലിൽ റോഡരികിൽ കണ്ടെത്തിയത്. ഉത്തരക്കടലാസുകൾ എസ്എസ്എൽസി പരീക്ഷയുടേതാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസി ഉടൻ സ്കൂളിൽ വിളിച്ച് വിവരമറിയിച്ചു. തിരുവനന്തപുരത്തേക്ക് അയക്കാൻ പ്ലാസ്റ്റിക് കവറിൽ ബൈക്കിൽ കൊണ്ടുപോയതാണ് ഇവ. വിവരമറിഞ്ഞ് നിരവധി നാട്ടുകാരും രക്ഷിതാക്കളും സ്കൂളിലെത്തി. പിന്നീട് കോഴിക്കോട് ഉപ വിദ്യാഭ്യാസ ഡയറക്ടർ ഇ.കെ.സുരേഷ് കുമാറും ജനപ്രതിനിധികളും സ്കൂളിലെത്തി.

സ്കൂളിൽ ആകെ 55 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. വൈകിട്ട് 3.30 നാണ് പരീക്ഷകൾ അവസാനിച്ചത്. ഇന്നലെ നടന്ന മൂന്ന് വിഷയങ്ങളുടെയും ഉത്തരക്കടലാസുകൾ വെവ്വേറെ കെട്ടുകളിലാക്കി ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്ന് തിരുവനന്തപുരത്തേക്ക് അയക്കാനാണ് കൊണ്ടുപോയത്.

ബൈക്കിൽ പോകുന്നതിനിടെ തലകറങ്ങി വീണെന്നും ഈ സമയത്താണ് ഉത്തരക്കടലാസുകൾ വഴിയരികിൽ വീണതെന്നും ഓഫിസ് അസിസ്റ്റന്റ് സിബി വിശദീകരിച്ചു. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇദ്ദേഹം തിരികെ വന്നപ്പോഴേക്കും ഇവ കണ്ടെത്തിയ പ്രദേശവാസി സ്കൂളധികൃതരെ വിവരം അറിയിച്ചിരുന്നു. സിബിയെ പരീക്ഷാ ജോലികളിൽ നിന്നും മാറ്റിനിർത്തുന്നതായി ഡിഡിഇ രക്ഷിതാക്കളെ അറിയിച്ചു. പൊലീസ് കാവലിൽ സ്‌കൂളിൽ സൂക്ഷിച്ച ഉത്തരക്കടലാസുകൾ ഇന്നു രാവിലെയാണ് തിരുവനന്തപുരത്തേക്ക് അയക്കാൻ കൊണ്ടുപോയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.