കൊച്ചി: കെഎസ്ആർടിസിയിലെ 3861 പേരെ പിരിച്ചുവിട്ടുകൊണ്ടുളള ഉത്തരവ് ഇന്ന് കൈമാറും. എംപാനൽ ജീവനക്കാരായ കണ്ടക്ടർമാരെയാണ് പിരിച്ചുവിടുക.  ജീവനക്കാരെ പിരിച്ചുവിടാൻ കോടതി അന്ത്യശാസനം നൽകിയ സാഹചര്യത്തിലാണ് നടപടി. ഹൈക്കോടതി കര്‍ശന നിർദ്ദേശം നല്‍കിയതോടെയാണ് എംപാനല്‍ കണ്ടക്ടര്‍മാരെ  പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായത്.   ആകെയുളള 3861 എംപാനൽ ജീവനക്കാർക്കും തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി പിരിച്ചുവിടൽ നോട്ടീസ് നല്‍കും.

കെഎസ്ആർടിസിയുടെ സംസ്ഥാനത്തെ സർവ്വീസുകളെയാകെ ഇത് ദോഷകരമായി ബാധിക്കും. സർവ്വീസുകൾ സെന്‍ട്രല്‍, നോര്‍ത്ത് സോണുകളില്‍ വെട്ടിച്ചുരുക്കേണ്ടി വരും. ഇതൊഴിവാക്കാൻ സ്ഥിരം ജീവനക്കാരായ കണ്ടക്ടർമാരെ സർവ്വീസ് കുറവുളള ഇടങ്ങളിലേക്ക് വിന്യസിക്കാനാണ് തീരുമാനം.

ഈ തീരുമാനം സംസ്ഥാനത്തെ 3000ത്തിലേറെ വരുന്ന കുടുംബങ്ങൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ എംപാനൽ ജീവനക്കാരും തീരുമാനിച്ചിട്ടുണ്ട്. എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട് സ്ഥിരം നിയമനം നടത്താനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. പിഎസ്‌സി റാങ്ക് ലിസ്റ്റിലുളളവർക്ക് നിയമനം നൽകാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇത് കെഎസ്ആര്‍ടിസിക്ക് കടുത്ത  സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.

അതിനാൽ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നുളളവർക്ക് റിസർവ് കണ്ടക്ടർമാരായി നിയമനം നൽകാനാണ് തീരുമാനം.  കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന നിർദ്ദേശം പാലിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് എംഡി ടോമിൻ തച്ചങ്കരി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കടുത്ത വിമർശനമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.  ജീവനക്കാരെ പിരിച്ചു വിട്ടില്ലെങ്കില്‍ എംഡിക്കെതിരെ നടപടിയെടുക്കുമെന്നാണ് കോടതി പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ