തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളിലേക്ക് കൂടുമാറാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. വാങ്ങാൻ പണമില്ലാത്തതിനാൽ വാടകയ്ക്ക് ബസ് ഓടിക്കാനാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ ആലോചന.

വെറ്റ് ലീസ് മാതൃകയിലുളള കരാറാണ് ഇതിനായി ആലോചനയിലുളളതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. കിലോമീറ്റർ നിരക്കിൽ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. ബസിന്റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കമ്പനി വഹിക്കുന്ന രീതിയിലാണ് പദ്ധതി രൂപരേഖ.

വിശദമായ പദ്ധതി രേഖയും ടെണ്ടറും തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സ്ഥാപനമായ പുണെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്‌പോർട്ടിനോട് ആവശ്യപ്പെടും.

ഇലക്ട്രോണിക് ബസുകൾക്ക് ഒന്നര കോടി മുതലാണ് വില. ഈ തുകയ്ക്ക് ബസ് വാങ്ങാൻ കെഎസ്ആർടിസിക്ക് ഇപ്പോഴത്തെ സാമ്പത്തിക നിലയിൽ സാധിക്കാത്തതിനാലാണ് വാടകയ്ക്ക് ഓടിക്കുന്ന കാര്യം ആലോചിച്ചത്. തെലങ്കാന, ഹിമാചൽ പ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ ഇലക്ട്രിക് ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്.

കിലോമീറ്ററിന് 43.8 രൂപ വാടകയിൽ ചൈനീസ് കമ്പനിയായ ബിവൈഡിയാണ് കർണാടകയിൽ ഇ–ബസുകൾ നിരത്തിലിറക്കിയത്. വാടകയും വൈദ്യുതിയും കണ്ടക്ടറുടെ ചിലവും കൂടിയാലും ഈ പദ്ധതി കർണാടക കോർപ്പറേഷന് ലാഭമാണ്. ഇതിനാലാണ് ഈ വഴിക്ക് ചിന്തിക്കാൻ കേരളത്തിലെ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും തീരുമാനിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ